കരാര്‍ ഒപ്പിട്ട ഒന്‍പത് സിനിമകള്‍ നഷ്ടമായി.. പവര്‍ ഗ്രൂപ്പില്‍ ആണുങ്ങള്‍ മാത്രമല്ല പെണ്ണുങ്ങളുമുണ്ട്: ശ്വേതാ മേനോന്‍

സത്രീകളുടെ ഏറ്റവും വലിയ ശത്രു സ്ത്രീകള്‍ തന്നെയാണെന്ന് നടി ശ്വേതാ മേനോന്‍. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും അതില്‍ സ്ത്രീകളും ഉണ്ടെന്നും ശ്വേത വ്യക്തമാക്കി. അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാര്‍ ഒപ്പിട്ട ശേഷം തനിക്ക് ഒന്‍പത് സിനിമകള്‍ ഇല്ലാതായെന്നും ശ്വേതാ മേനോന്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു. അവര്‍ പരസ്പരം പിന്തുണച്ചാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ പലരും തുറന്നു പറഞ്ഞേക്കും. ഞാന്‍ തന്നെ പത്ത് പന്ത്രണ്ട് കേസുകളില്‍ പോരാടുന്ന ആളാണ്. നോ പറയേണ്ടടത്ത് നോ പറയണം. നോ പറയാത്തതു കൊണ്ട് വരുന്ന പ്രശ്‌നങ്ങളാണ് ഇതൊക്കെ.

ഒരുപാട് സ്ത്രീകള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ എനിക്ക് നേരിട്ടറിയാം. വേതനത്തിന്റെയും സമയത്തിന്റെയും ലൊക്കേഷന്റെയും കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. മോശമായ അനുഭവം വ്യക്തിപരമായി എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ എന്റെ ആവശ്യങ്ങളില്‍ നിര്‍ബന്ധം പിടിച്ചിരുന്നു. പീരിയഡ്‌സ് ഉള്ള സമയത്ത് വേറൊരു ഷോട്ട് വച്ചാല്‍ അത് ചെയ്യാന്‍ പറ്റില്ലെന്നു പറയും.

നമ്മള്‍ പറഞ്ഞാല്‍ അല്ലേ അത് അവര്‍ക്കും അറിയാന്‍ പറ്റൂ. അത് പറയണം. വിലക്കുകള്‍ ഉണ്ടാകും. അനധികൃത വിലക്ക് ഞാനും നേരിട്ടിട്ടുണ്ട്. കരാര്‍ ഒപ്പിട്ട ഒന്‍പത് സിനിമകള്‍ ഒരു സുപ്രഭാതത്തില്‍ ഇല്ലാതായത് അതിന്റെ ഭാഗമാകും. കരാര്‍ ഒപ്പിട്ട സമയത്ത് ലഭിച്ച പൈസ എനിക്ക് കിട്ടി.

പക്ഷേ സിനിമകളൊന്നും നടന്നില്ല. പിന്നെ അതിനെ കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ടുമില്ല. പവര്‍ ഗ്രൂപ്പ് സിനിമയില്‍ ഉണ്ടാകാം, അതില്‍ ആണുങ്ങള്‍ മാത്രമല്ല പെണ്ണുങ്ങളും ഉണ്ടാകും. അവര്‍ ചിലരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുമുണ്ട് എന്നാണ് ശ്വേതാ മേനോന്‍ പറയുന്നത്.

Read more