ഇത്രയധികം സ്ത്രീകളെ ഒരു ബിജെപി പരിപാടിയില്‍ കാണുന്നത് ആദ്യമായാണ്, പ്രധാനമന്ത്രിക്ക് നന്ദി: ശോഭന

‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ നടി ശോഭനയും. വനിതാ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നാണ് വേദിയില്‍ സംസാരിച്ച ശോഭന പറഞ്ഞത്. കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്നും ശോഭന പറഞ്ഞു.

”പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി പരിപാടിയില്‍ ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് ആദ്യമായാണ്. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണബില്ലിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.”

”ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകും. സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നത് കാണാനാവും.”

”കഴിവും നിശ്ചയദാര്‍ഢ്യമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവട് വയ്പ് ആവട്ടെ വനിതാ സംവരണ ബില്‍. ബില്‍ പാസാക്കിയ മോദിക്ക് നന്ദി. ഭാരതീയനെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദി” എന്നാണ് ശോഭന പറയുന്നത്.

തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന മഹിളാ സമ്മേളനത്തില്‍ ശോഭനയ്‌ക്കൊപ്പം നിരവധി പ്രശസ്ത വനിതകളാണ് പങ്കെടുക്കുന്നത്. പി.ടി ഉഷ, മിന്നു മണി എന്നിവര്‍ വേദിയിലുണ്ട്. ഇതിനൊപ്പം തന്നെ പെന്‍ഷന്‍ പ്രശ്‌നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തി.