'അറ്റ്‌ലീസ്റ്റ് അതെങ്കിലും അറിയണം' വിജയിനെയും ബീസ്റ്റിനെയും വിമര്‍ശിച്ച് ഷൈന്‍ ടോം, രോഷാകുലരായി വിജയ് ആരാധകര്‍

തമിഴ് അരങ്ങേറ്റ ചിത്രമായ ‘ബീസ്റ്റിനെ പരിഹസിച്ചും വിമര്‍ശിച്ചും ഷൈന്‍ ടോം ചാക്കോ നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദി ക്യൂവുമായുള്ള അഭിമുഖത്തിലാണ് താരം ഇത്തരം പ്രസ്താവനകള്‍ നടത്തിയത്.

അതിനൊപ്പം ദളപതി വിജയ്യെയും നടന്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ നടന്റെ പ്രസ്താവനകളില്‍ വലിയ അമര്‍ഷത്തിലാണ് വിജയ് ആരാധകര്‍.

ബീസ്റ്റില്‍ ഒരു തീവ്രവാദിയുടെ വേഷത്തിലായിരുന്നു ഷൈന്‍ ചിത്രത്തില്‍ എത്തിയത്. തമിഴ് സിനിമാരംഗത്തേക്കുള്ള നല്ല എന്‍ട്രി ആയിരുന്നോ ബീസ്റ്റ് എന്ന ചോദ്യത്തിന്, തമിഴ് സിനിമയ്ക്ക് തന്നെ അത് നല്ലൊരു എന്‍ട്രി ആണെന്ന് എനിക്ക് തോന്നുന്നില്ല എന്നായിരുന്നു ഷൈനിന്റെ മറുപടി.

ഷൈനും വിജയുമായുള്ള ഒരു സംഘട്ടന രംഗത്തില്‍ വിജയ്യുടെ മോശം പ്രകടനത്തെക്കുറിച്ചും ഷൈന്‍ പരാമര്‍ശിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഏറെ ട്രോളുകള്‍ക്ക് കാരണമായിരുന്നു സിനിമയിലെ ഈ ഭാഗം. ‘തെറ്റിദ്ധരിപ്പിക്കരുത് സമൂഹത്തെ, അറ്റ്ലീസ്റ്റ് തീവ്രവാദം എന്താണെന്നറിയണം, തീവ്രവാദി എന്താണെന്നറിയണം’ എന്നായിരുന്നു ചിത്രത്തേക്കുറിച്ച് ഷൈന്‍ പറഞ്ഞത്. എന്തായാലും സോഷ്യല്‍മീഡിയയില്‍ ഷൈനിനെതിരെ വിജയ് ആരാധകരുടെ രോഷമാണ് നിറയുന്നത്.