സിനിമ കണ്ട് വന്ന എന്നെയും അമ്മയെയും അച്ഛന്‍ തല്ലി. ഒരു ക്രിസ്ത്യാനി പെണ്‍കുട്ടി സിനിമ കാണുകയോ ? : ഷീല

സിനിമ കാണുന്നതിന് പോലും തനിക്ക് വിലക്കുണ്ടായിരുന്ന യാഥാസ്ഥിതികമായ കുടുംബത്തില്‍ നിന്നുമാണ് നായികയായി താന്‍ മാറിയതെന്ന് പറയുകയാണ് ഇപ്പോള്‍ നടി ഷീല. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു സിനിമ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് ഷീല പറയുന്നു.

ഫ്ളവേഴ്സ് ടിവിയുടെ പരിപാടിക്കിടെയാണ് ഷീല ഇക്കാര്യം പറഞ്ഞത്.’സിനിമയില്‍ എത്തുന്നതിന് മുമ്പ് കണ്ടിട്ടുള്ളത് ഒരു സിനിമ മാത്രമാണ്. ‘കണ്ടംവച്ച കോട്ട്’ആയിരുന്നു അത്. സിനിമ കണ്ട് വന്ന എന്നെയും അമ്മയെയും അച്ഛന്‍ തല്ലി. ഒരു ക്രിസ്ത്യാനി പെണ്‍കുട്ടി സിനിമ കാണുകയോ ? കുമ്പസാരിക്കാന്‍ പറഞ്ഞു.

ഞാന്‍ പോയി ഫാദറിനോട് ഞാനൊരു പാപം ചെയ്തു, ഒരു സിനിമ കണ്ടുവെന്ന് പറഞ്ഞു. ഒരു കൊന്ത എത്തിക്കാനാണ് ഫാദര്‍ പറഞ്ഞത്. അവിടുന്നാണ് ഇത്രയധികം സിനിമ ചെയ്യുന്ന ഒരാളായി മാറിയത്’, ഷീല പറഞ്ഞു.

പ്രേം നസീറിനൊപ്പം സ്‌ക്രീന്‍ പങ്കിട്ട താരമാണ് ഷീല. അന്നത്തെക്കാലത്ത് ഒരു പടത്തില്‍ ഒരുമിച്ച് അഭിനയിച്ച് നന്നായെന്ന് കേട്ടാല്‍ അതേ ജോഡിയെ അടുത്ത സിനിമയിലും അവരെ അഭിനയിപ്പിക്കുന്ന രീതി ഉണ്ടായിരുന്നുവെന്ന് താരം പറഞ്ഞു. പ്രേം നസീറിന്റെ അമ്മയായും ഭാര്യയായും കാമുകിയായും അമ്മൂമ്മയായും വരെ അഭിനയിച്ചു. സെറ്റില്‍ എത്തുമ്പോള്‍ ഇന്ന് ഈ കുട്ടി എന്റെ ഭാര്യയാണോ കാമുകിയാണോ അമ്മയാണോ എന്ന പ്രേം നസീര്‍ ചോദിച്ചിരുന്നതായി ഷീല പറയുന്നു.