ഞാന്‍ ഒരു ഹിന്ദുവാണെന്ന് വളരെ ബോള്‍ഡായി പറയാന്‍ ആഗ്രഹിക്കുന്ന ആളാണ്, രാമന്റെ ഐഡന്റിറ്റി ഓരോ ഇന്ത്യാക്കാരന്റെയും ഐഡന്റിറ്റി: തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്

താന്‍ ഹിന്ദു ഐഡിയോളജി മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളാണെന്ന് ജനഗണമനയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്.ആര്‍.ആര്‍.ആര്‍, സാമ്രാട്ട് പൃഥ്വിരാജ്, കശ്മീര്‍ ഫയല്‍സ് എന്നിവയിലൂടെയുള്ള ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഷാരിസിന്റെ മറുപടി.

മീഡിയവണ്ണുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞത്. സ്വതന്ത്ര സിനിമാ നിര്‍മാണം ഇന്ത്യയില്‍ സാധ്യമാണെന്ന് പറഞ്ഞ ഷാരിസ് അതിനുള്ള ഏറ്റവും വലിയ ഉത്തരമാണ് ജനഗണമനയെന്നും പ്രതികരിച്ചു.

ആര്‍.ആര്‍.ആര്‍ സിനിമയിലെ പ്രശ്‌നം മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ആര്‍.ആര്‍ എന്റര്‍ടെയിനറല്ലേ. രാമന്റെ ഐഡന്റിറ്റി എന്നത് ഓരോ ഇന്ത്യക്കാരന്റെയും ഐഡന്റിറ്റിയല്ലേ. ഞാന്‍ ആ ഐഡന്റിറ്റിയെ endorse ചെയ്യുന്ന ഒരാളാണ്. ഞാന്‍ ഒരു ഹിന്ദുവാണെന്ന് വളരെ ബോള്‍ഡായി പറയാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്.

മതം എന്ന രീതിയിലല്ല. ഹിന്ദു ഐഡിയോളജി മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. അതൊക്കെ കാണുമ്പോള്‍ ശരിക്കും എനിക്ക് സന്തോഷമുള്ള ഒരു കാര്യമാണ്. രാം ചരണിന്റെ കഥാപാത്രത്തിന് ശ്രീരാമന്റെ റഫറന്‍സ് നല്‍കിയത് എനിക്ക് ഭയങ്കര മനോഹരമായി തോന്നി. ഭയങ്കര രസമായിട്ടും അപ്പീലിങ്ങുമായി തോന്നി. ആര്‍.ആര്‍.ആര്‍ സിനിമയില്‍ കണ്ടപ്പോള്‍ അത് ഭയങ്കരമായി ഇഷ്ടമായി’-ഷാരിസ് പറഞ്ഞു.