അൽഫോൺസ് അന്ന് പറഞ്ഞത് അങ്ങനെയായിരുന്നു: ഷറഫുദ്ദീൻ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം സിനിമയിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടനാണ് ഷറഫുദ്ദീൻ. പ്രേമത്തിന് ശേഷം നായകനായും പ്രതിനായകനായും സഹതാരമായും ഷറഫുദ്ദീൻ മലയാളത്തിൽ സജീവമായികൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ സിനിമയുടെ തുടക്കത്തിൽ അൽഫോൺസ് പുത്രൻ തനിക്ക് തന്ന ഉപദേശങ്ങളെ പറ്റി പറയുകയാണ് ഷറഫുദ്ദീൻ. സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കണമെന്ന് അൽഫോൺസ് തന്നോട് പറഞ്ഞു എന്നാണ് ഷറഫുദ്ദീൻ പറഞ്ഞത്.

“എന്റെ ജീവിതത്തിന്റെ ഒരു രീതിയുണ്ട്. 2016 വരെ വർക്കിംഗ് ക്ലാസ് എന്നൊരു കാറ്റഗറിയിലായിരുന്നു ഞാൻ പോയിക്കൊണ്ടിരുന്നത്. ആ സമയത്തൊക്കെ ഞാൻ പലരീതിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.

പ്രേമം അഭിനയിക്കാൻ ഞാൻ പോകുമ്പോഴും ഞാൻ ഓഫീസിൽനിന്ന് എന്റെ ലാപ്ടോപ്പ് ഒക്കെ മടക്കി വച്ച് ഷോട്ടിനു പോയി അഭിനയിച്ച് തിരിച്ചു വരുമായിരുന്നു. ഞാൻ അങ്ങനെ വർക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ പ്രേമം ഇത്ര ഹിറ്റ് ആയില്ലായിരുന്നുവെങ്കിലും എനിക്ക് അത്ര കുഴപ്പമില്ലായിരുന്നു. കാരണം അടുത്ത ഒരു അൽഫോൺസ് പുത്രന്റെ പടമോ ജൂഡ് ആന്തണിയുടെ പടമോ എനിക്ക് കിട്ടുമെന്ന് ഉറപ്പായിരുന്നു. പ്രേമത്തിന് മുൻപാണെങ്കിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന അൽത്താഫിന്റെ ചിത്രം മാത്രമാണ് എനിക്ക് ലോക്കായിട്ടുണ്ടായിരുന്നത്. അല്ലാതെ വേറേ സിനിമ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അങ്ങനെയാണ് പോകുന്നതങ്കിലും ഞാൻ ഹാപ്പി ആയിരുന്നു.

പിന്നെ പ്രേമം കഴിഞ്ഞപ്പോൾ അൽഫോൺസ് എന്നോട് പറഞ്ഞു, നിനക്ക് നല്ലൊരു അവസരമാണ് വന്നിരിക്കുന്നത്, നീ നല്ലൊരു സ്പേസിലേക്ക് വന്നിട്ടുണ്ട്. ഇനി ഇതിന്റെ താഴേക്ക് പോവാതെ മാക്സിമം ഇവിടെ നിൽക്കണം. നീ ഇവിടെ എത്തിയതിന്റെ ഒരു സാധനം ഇവിടെ അടയാളപ്പെടുത്തണം. ഭാവിയിൽ നിന്നെ കുറിച്ച് ഓർക്കുമ്പോൾ എനിക്കും അഭിമാനം തോന്നണം എന്നായിരുന്നു.

അത് കേട്ടപ്പോൾ എനിക്കും തോന്നി, ശരിയാണ്. കാരണം ഭയങ്കരമായി ഒരുപാട് പേര് ആഗ്രഹിക്കുന്ന ഒരു സ്പേസിലാണ് ഞാൻ എത്തിയത്. അതിന് വേണ്ടി ഞാൻ ശ്രമിക്കണം. വർക്ക് ചെയ്യണം. അങ്ങനെയാണ് എന്റെ സിനിമകളിൽ വലിയ മാറ്റങ്ങൾ വരാൻ തുടങ്ങിയത്”