'ഇന്ത്യൻ 3' ആറ് മാസത്തിനുള്ളിൽ റിലീസ്, ട്രെയ്​ലർ 'ഇന്ത്യൻ 2'വിന്റെ അവസാനം കാണിക്കും: ശങ്കർ

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കമൽ ഹാസൻ നായകനായെത്തുന്ന ശങ്കർ ചിത്രം ‘ഇന്ത്യൻ 2’. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ സീക്വലാണ് ഈ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സേനാപതി എന്ന സ്വാതന്ത്ര്യ സമര നായകനായാണ് ചിത്രത്തിൽ കമൽഹാസൻ എത്തുന്നത്.

അതേസമയം ‘ഇന്ത്യൻ 3’ ഉടൻ റിലീസ് ചെയ്യുമെന്ന് കമൽ ഹാസൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ 3യെ കുറിച്ച് സംവിധായകൻ ശങ്കർ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഇന്ത്യൻ 2 വിന്റെ അവസാനം ഇന്ത്യൻ 3യുടെ ട്രെയിലർ കാണിക്കുമെന്നാണ് ശങ്കർ പറയുന്നത്. എല്ലാം നല്ല രീതിയിൽ നടന്നാൽ ആറ് മാസത്തിനുള്ളിൽ ച്ചിത്രം റിലീസ് ചെയ്യുമെന്നും ശങ്കർ പറയുന്നു.

“എല്ലാം നല്ല രീതിയിൽ നടന്നാൽ ആറുമാസത്തിനുള്ളിൽ ഇന്ത്യൻ 3 റിലീസ് ചെയ്യും. വിഎഫ്എക്സ് വർക്കുകൾ തീർന്നാൽ അത് നടക്കും. അതോടൊപ്പം മറ്റൊരു കാര്യം കൂടി പറയട്ടെ, ഇന്ത്യൻ 3യുടെ ട്രെയിലർ ഇന്ത്യൻ 2ന്റെ അവസാനം കാണാൻ സാധിക്കും.” എന്നാണ് പ്രസ് മീറ്റിനിടെ ശങ്കർ പറഞ്ഞത്.

അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

20 വർഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യൻ 2 വിന്റെ ഇതിവൃത്തം എന്നാണറിയുന്നത്.

Read more