താങ്കളുടെ ആ മാസ്മരികത ഇനി എന്നാണ് ഞങ്ങള്‍ കാണുക, വേണുസാര്‍ മഹാനായ നടന്‍: വേദനയോടെ ശങ്കര്‍

നടന്‍ നെടുമുടി വേണുവിനെ അനുസ്മരിച്ച് സംവിധായകന്‍ ശങ്കര്‍. അഭിനയത്തിലെ അദ്ദേഹത്തിന്റെ മാസ്മരികത ഇനി എന്ന് കാണാനാകുമെന്നും സിനിമാലോകത്തിന് ഇതൊരു തീരാ നഷ്ടമെന്നും ശങ്കര്‍ കുറിച്ചു.

‘നെടുമുടി വേണു സാര്‍ മഹാനായ ഒരു നടനായിരുന്നു. ആത്മാര്‍പ്പണവും അച്ചടക്കവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വിനയവും മറ്റുള്ളവരെ സ്‌നേഹിക്കുന്ന മനസുമുള്ള വ്യക്തിത്വം. സിനിമാലോകത്തിന് വലിയൊരു നഷ്ടമാണുണ്ടായിട്ടുള്ളത്. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന താങ്കളുടെ മാസ്മരികത ഞങ്ങള്‍ ഇനി എന്നാണ് കാണുക, താങ്കളെ ഞങ്ങള്‍ വളരെയേറെ മിസ് ചെയ്യും. അങ്ങേയ്ക്ക് ആത്മശാന്തി അര്‍പ്പിക്കുന്നു.’-ശങ്കറിന്റെ വാക്കുകള്‍.

കമല്‍ഹാസന്‍ നായകനായ ‘ഇന്ത്യന്‍’ എന്ന സിനിമയിലാണ് ശങ്കറും നെടുമുടി വേണുവും ആദ്യമായി ഒന്നിച്ചത്. കൃഷ്ണസാമി എന്ന സിബിഐ ഓഫിസറെയാണ് നെടുമുടി വേണു അവതരിപ്പിച്ചത്. പിന്നീട് വിക്രം നായകനായ അന്യനില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനും ശങ്കര്‍ വിളിച്ചത് നെടുമുടി വേണുവിനെയായിരുന്നു.