അമ്മയുടെ ഏറ്റവും വലിയ സ്വപ്‌നമാണ്, എന്നാല്‍ ഇപ്പോള്‍ വിവാഹം എന്ന് വാക്കു കേള്‍ക്കുമ്പോഴെ ഭയം: ഷംന കാസിം

വിവാഹം ആലോചിച്ച് എത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നിന്നും നടി ഷംന കാസിമും കുടുംബവും മുക്തരായി വരുന്നതേയുള്ളു. ആ ഒരു സംഭവത്തിന് ശേഷം “വിവാഹം” എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നു എന്നാണ് ഷംന വ്യക്തമാക്കുന്നത്. എന്നാല്‍ വിവാഹം ചെയ്യാനാകില്ലെന്ന് കുടുംബത്തോട് പറയാനും സാധിക്കില്ലെന്ന് ഷംന പറയുന്നു.

കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബം തന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഷംന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. “”ഒരു ഘട്ടത്തില്‍ ഞാന്‍ ചിന്തിച്ചു, ഒരു നല്ല പ്രൊപ്പോസല്‍ വരികയാണെങ്കില്‍ ചെയ്യാം. എന്റെ വിവാഹം ഇപ്പോള്‍ അമ്മയുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. എന്റെ കുടുംബത്തിന്റെയും.””

“”സ്വയം സെറ്റില്‍ ചെയ്യാന്‍ കുറച്ച് സമയം നല്‍കണമെന്നാണ് ഞാന്‍ ഇപ്പോള്‍ അവരോട് ആവശ്യപ്പെടുന്നത്. അവര്‍ അത് മനസിലാക്കുമെന്നും എനിക്കുറപ്പുണ്ട്. ആ സംഭവത്തിന് ശേഷം പരിഭ്രാന്തരാരുത് അവരെ പുറത്തു കൊണ്ടു വരാനുള്ള ഒരു കണ്ണിയായി ഞാന്‍ എന്നാണ് എന്റെ സഹോദരന്‍ എന്നോട് പറയാറുള്ളത്”” എന്നും ഷംന പറഞ്ഞു.

കാസര്‍ഗോഡുള്ള ഒരു ടിക് ടോക് താരത്തിന്റെ ഫോട്ടോ കാണിച്ചാണ് വിവാഹാലോചന എത്തിയത്. അന്‍വര്‍ അലിയാണ് തന്നെ വിളിച്ചതെന്നും ഷംന പറഞ്ഞിരുന്നു. മെയ് 30-ന് വിവാഹാലോചനയുമായി വരുമെന്നു പറഞ്ഞെങ്കിലും ബന്ധുവിന്റെ മരണമുണ്ടെന്നു പറഞ്ഞ് അത് മാറ്റിവെച്ചു. ഇതിനിടെ ഒരു ലക്ഷം രൂപ ചോദിച്ചു ഇതോടെയാണ് സംശയം ജനിച്ചതെന്നും ഷംന വ്യക്തമാക്കിയിരുന്നു.