അവര്‍ക്കൊക്കെ ഷമ്മി ശല്യം തന്നെയായിരുന്നു; ഗണേഷ് കുമാറിന് എതിരെ കുറിപ്പ് പങ്കുവെച്ച് ഷമ്മി തിലകന്‍

പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ വാദങ്ങള്‍ക്ക് എതിരെ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. ഷമ്മി തിലകന്‍ മൂലം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്ന് ഗണേഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തിന് ഇടയില്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് അഡ്വ. ബോറിസ് പോള്‍ എന്ന വ്യക്തി എഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഷമ്മി തിലകന്‍ മറുപടിയുമായി എത്തിയത്.

അഡ്വ. ബോറിസ് പോളിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഗണേഷിന്റേത് പച്ചക്കള്ളം! സത്യം ഷമ്മിക്കൊപ്പം! ഷമ്മി തിലകന്‍ നാട്ടുകാര്‍ക്ക് ശല്യമെന്ന ഗണേഷ് കുമാറിന്റെ വാക്കുകള്‍ പച്ചക്കള്ളം! ശരിയാണ്….. ഷമ്മി തിലകന്‍ ശല്യമായിരുന്നു. നാട്ടുകാര്‍ക്കല്ല! പിന്നെ ആര്‍ക്കാണ് ശല്യം? നാട്ടുകാരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തിയ സമീപത്തെ ഷോപ്പിംഗ് മാളുകാരന്. മാളുകാരനെതിരെ നടപടിക്ക് മടിച്ച കൊല്ലം കോര്‍പ്പറേഷന്. മാളുകാരനെതിരെ നടപടിയെടുക്കാത്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിന്. മാളുകാരനെതിരെ കേസെടുക്കാതിരുന്ന പൊലീസിന്. മാളുകാരന് വേണ്ടി ഷമ്മിക്കും മൈനറായിരുന്ന മകനുമെതിരെ കള്ളക്കേസ് എടുത്ത പൊലീസിന്.

അങ്ങനെ നിയമലംഘനം നടത്തിയവര്‍ക്കെല്ലാം ഷമ്മി ശല്യം തന്നെയായിരുന്നു. പിന്നെ നാട്ടുകാര്‍…. ആ പ്രദേശത്ത് ആകെ ഒന്‍പത് കുടുംബങ്ങള്‍. അവരും ഷമ്മിയും ഒന്നിച്ച് നിന്നാണ് മാളുകാരനെതിരെ കേസുകള്‍ നടത്തി വിജയിച്ചത്. അതുകൊണ്ട് ഞാന്‍ ഉറപ്പിച്ച് പറയുന്നു.

ഗണേശന്‍ പറഞ്ഞത് പച്ചക്കള്ളം. സത്യം ഷമ്മിക്കൊപ്പം… ഇതൊക്കെ തനിക്കെങ്ങനെയറിയാം എന്ന് എന്നോട് ചോദിച്ച് സമയം കളയണ്ട… ആ കേസുകളില്‍ ഷമ്മി തിലകന്റെയും മലയാളത്തിന്റെ മഹാനടനായ സുരേന്ദ്രനാഥ തിലകന്റേയും വക്കാലത്ത് എനിക്കായിരുന്നു.