കുട്ടികളില്ലാത്തതില്‍ ഏറെ വിഷമിക്കുന്ന ആളാണ് ഞാന്‍, എനിക്കിനി മക്കള് വേണ്ട: വിതുമ്പി സാജു നവോദയ

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണമെന്ന് നടന്‍ സാജു നവോദയ. വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതേവിട്ട നടപടിയില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി കുട്ടികളില്ലാത്തതില്‍ ഏറെ വിഷമിക്കുന്ന ആളാണ് താനെന്നും ഇനി കുട്ടികള്‍ വേണ്ട എന്നുമാണ് ചിന്തിക്കുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീനനായി സാജു പറഞ്ഞു.

“ഏറെ വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാന്‍. അതില്‍ വലിയ വിഷമവും ഉണ്ട്. എന്നാല്‍, ഇനി തനിക്കു മക്കള്‍ വേണ്ട എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിര്‍ത്താന്‍ പറ്റില്ല. ഇതെല്ലാം കേട്ട് ഒരാളെങ്കിലും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് ചിന്തിച്ചാല്‍ മതി. വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ആളാണ് ഞാന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും എതിരല്ല. പക്ഷേ ആ കുട്ടികള്‍ക്കു നീതി ലഭിക്കണം. കലാകാരന്‍ എന്ന നിലയില്‍ തനിക്കു ചെയ്യാന്‍ കഴിയുന്ന കാര്യമാണ് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തത്.”

“ഇവിടെ പിഞ്ചുകുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മക്കള്‍ ഉണ്ടാകരുത് എന്നാണ് ഇപ്പോള്‍ ആഗ്രഹം. മക്കളുണ്ടായാല്‍ അവര്‍ക്ക് ഈ നാട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കില്ല. ഇപ്പോള്‍ ഇല്ലെന്നൊരു സങ്കടമുണ്ട്. നമ്മുടെ കേരളത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കുന്നതാണ് നല്ലത്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയാണ് ഇവര്‍ ചെയ്യുന്നത്. ഇവരൊക്കെ മനുഷ്യന്മാരായി ജനിച്ചത് തന്നെ കഷ്ടം. കുഞ്ഞുമക്കളുടെ അവസ്ഥ കേട്ടിട്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. അത് ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും.” സാജു പറഞ്ഞു.