മോഹന്‍ലാലിനൊപ്പം വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ഷാജി കൈലാസ്. എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സിനിമാ ഗ്രൂപ്പുകളിലും ഷാജി കൈലാസ്-മോഹന്‍ലാല്‍ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ഷാജി കൈലാസ് വ്യക്തമാക്കി.
”പ്രിയപ്പെട്ട ആരാധകരേ, അഭ്യുദയകാംഷികളെ, എന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന പേരില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. ഈ പ്രചാരണങ്ങളില്‍ സത്യമില്ല. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. അങ്ങനൊരു പ്രോജക്ട് വരികയാണെങ്കില്‍ ഞാന്‍ നേരിട്ട് തന്നെ പ്രഖ്യാപിക്കും” എന്നാണ് ഷാജി കൈലാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. ഈ ചിത്രം ഗംഭീര വിജയമായിരുന്നു. 2000 ല്‍ പുറത്തിറങ്ങിയ നരസിംഹത്തിലും വിജയം ആവര്‍ത്തിച്ചു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, എലോണ്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഒടുവില്‍ എത്തിയ എലോണ്‍ കനത്ത പരാജയമായിരുന്നു.
അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ ഷാജി കൈലാസ് സിനിമകളില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. കാപ്പ, കടുവ എന്നീ സിനിമകള്‍ ഹിറ്റുകള്‍ ആവുകയും ചെയ്തിരുന്നു. ഭാവനയെ നായികയാക്കി ഒരുക്കിയ ഹണ്ട് ആണ് ഷാജി കൈലാസിന്റെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.