കാത്തിരിക്കുന്നവര്‍ക്ക് ആ കാത്തിരിപ്പിന്റെ ഇരട്ടി മുതലാവും; ആ മമ്മൂട്ടി ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

എസ് എന്‍ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്യാന്‍ പോകുന്ന സിബിഐ 5 എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.  ഈ വര്‍ഷം ആദ്യം തുടങ്ങാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടു പോയത്. സിബിഐ സീരിസിലെ അഞ്ചാം ഭാഗമായി എത്തുന്ന ഈ ചിത്രം ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയും തുടര്‍ന്നുള്ള സിബിഐ അന്വേഷണവുമാണ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുക എന്ന് രചയിതാവ് എസ് എന്‍ സ്വാമി പറയുന്നു.

ഈ ചിത്രം എത്താനായി കാത്തിരിക്കുന്നവര്‍ക്ക് ആ കാത്തിരിപ്പിന്റെ ഇരട്ടി മുതലാവും എന്നും അത്ര ഗംഭീരമായിരിക്കും ഈ ചിത്രമെന്നുമാണ് എസ് എന്‍ സ്വാമി പറയുന്നത്.

1988 ഇലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ ആ ചിത്രത്തിന് പിന്നീട് ജാഗ്രത, സേതു രാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ മൂന്നു ഭാഗങ്ങള്‍ കൂടി പുറത്തു വന്നു. ആദ്യത്തേയും മൂന്നാമത്തെയും ഭാഗങ്ങള്‍ സൂപ്പര്‍ വിജയം നേടിയപ്പോള്‍ രണ്ടും നാലും ഭാഗങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. അത് തങ്ങള്‍ ധൃതി പിടിച്ചു ആ ഭാഗങ്ങള്‍ ചെയ്തത് കൊണ്ടാണെന്നും ഇപ്പോള്‍ ഈ അഞ്ചാം ഭാഗം വലിയ ഇടവേളക്ക് ശേഷം ആണ് വരുന്നത് എന്നത് കൊണ്ട് തന്നെ ഈ ഭാഗം ഗംഭീരമാകുമെന്നാണ് കെ മധുവും പറയുന്നത്.

മെഗാ സ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ നവാഗതയായ രഥീന ഒരുക്കുന്ന പുഴു എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു മുന്‍പ് അമല്‍ നീരദ് ഒരുക്കിയ ഭീഷ്മ പര്‍വ്വം എന്ന ചിത്രം പൂര്‍ത്തിയാക്കിയ മമ്മൂട്ടി, ഇനി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാന്‍ പോകുന്ന ചിത്രത്തിലാണ് അഭിനയിക്കുക എന്നാണ് സൂചന.