അന്ന് രാജേട്ടന്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അന്ന ഒറ്റക്കരച്ചില്‍, പിന്നീട് കുമ്പളങ്ങി നൈറ്റ്‌സിന്റെ ഓഡിഷന് പോവട്ടെ എന്ന് ചോദിച്ചപ്പോള്‍ വിലക്കി: ബെന്നി പി. നായരമ്പലം

മകള്‍ അന്ന ബെന്‍ സിനിമയില്‍ അഭിനയിക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. കുമ്പളങ്ങി നൈറ്റ്‌സ് സിനിമയുടെ ഓഡിഷന് പോകണം എന്ന് പറഞ്ഞപ്പോള്‍ നിരുത്സാഹപ്പെടുത്തിയതായി ബെന്നി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബാലതാരമായി അഭിനയിക്കാന്‍ അവസരം വന്നിട്ട് പോവാതിരുന്ന ആളാണ് അന്നയെന്നും ബെന്നി പറയുന്നു.

”സിനിമയില്‍ അന്ന അഭിനയിക്കുമെന്ന് ഞാന്‍ മാത്രമല്ല വീട്ടിലും ആരും കരുതിയില്ല. അന്ന പോലും ചിന്തിച്ചില്ല. ലാല്‍ജോസിന്റെ പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിളിച്ചു. മൂന്നു വയസില്‍ ബാലതാരമായി അഭിനയിക്കാന്‍ രാജേട്ടന്‍ (രാജന്‍ പി. ദേവ്) വിളിച്ചപ്പോള്‍ ഒറ്റ കരച്ചില്‍.”

”രണ്ടു പ്രാവശ്യം അവസരം വന്നിട്ട് പോവാതെയിരുന്ന ആള് ഒരു സുപ്രഭാതത്തില്‍ പറയുന്നു അഭിനയിക്കണമെന്ന്. കുമ്പളങ്ങി നൈറ്റ്‌സിന്റെ ഓഡിഷനു പോവട്ടെ എന്നു ചോദിച്ചപ്പോള്‍ നിരുത്സാഹപ്പെടുത്തി എന്നാല്‍ തലവര പോലെ എല്ലാം കയറി വന്നു” എന്നും ബെന്നി പി. നായരമ്പലം പറയുന്നു.

ബെന്നി തിരക്കഥ എഴുതുന്ന സിനിമയില്‍ അന്ന നായികയാവുമോ എന്ന ചോദ്യത്തിന് ചിലപ്പോള്‍ സംഭവിക്കാം. സംഭവിക്കാതിരിക്കാം. എല്ലാം ഒത്തുവരണം. അല്ലെങ്കില്‍ അന്നയുടെ റിയലിസ്റ്റിക്‌സിനിടയിലെ അഭിനയയാത്ര തുടരും. ആ യാത്ര തനിക്ക് ഏറെ സന്തോഷം തരുന്നുവെന്നും ബെന്നി പി. നായരമ്പലം വ്യക്തമാക്കി.