പാന്‍ ഇന്ത്യന്‍ ഫോക്കസ് ആണ് ഉദ്ദേശിക്കുന്നത്, തിരക്കഥ പൂര്‍ത്തിയായി: ഹൈവേയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജയരാജ്

സുരേഷ് ഗോപിയെ നായകനാക്കി 1995ല്‍ താന്‍ സംവിധാനം ചെയ്ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞദിവസമാണ് സംവിധായകന്‍ ജയരാജ് പ്രഖ്യാപിച്ച്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ആവേശ പ്രഖ്യാപനം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ജയരാജ്.

‘ഹൈവേയുടെ രണ്ടാംഭാഗം ചെയ്യണമെന്ന് വളരെ മുന്‍പേ തന്നെ തീരുമാനിച്ചതാണ്. തിരക്കഥ എഴുതി പൂര്‍ത്തിയാക്കി വച്ചിരിക്കുകയായിരുന്നു. സുരേഷ്ഗോപി അദ്ദേഹത്തിന്റെ രാഷ്ട്രീയ തിരക്കുകളൊഴിഞ്ഞ് സിനിമയിലേക്ക് തിരിച്ചുവരുന്നത് കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍.’

‘ഏതൊക്കെ പഴയ താരങ്ങളും അണിയറപ്രവര്‍ത്തകരും പുതിയ സിനിമയില്‍ ഉണ്ടാകുമെന്ന് തീരുമാനിച്ചിട്ടില്ല. ഹൈവേയുടെ കഥ ഞാനും തിരക്കഥ സാബ് ജോണുമാണ് എഴുതിയത്. ഇക്കുറി കഥയും തിരക്കഥയും എന്റേത് തന്നെയാണ്.’

‘പാന്‍ ഇന്ത്യന്‍ ഫോക്കസ് ആണ് ഉദ്ദേശിക്കുന്നത്. ഹൈവേയെക്കാള്‍ കുറച്ചുകൂടി വൈഡര്‍ ക്യാന്‍വാസ് ആയിരിക്കും. ടെക്നിക്കലി അപ്‌ഡേറ്റഡ് ആയ സിനിമയായിരിക്കും ഹൈവേ ടു.’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയരാജ് പറഞ്ഞു.

കാസ്റ്റിങ് പൂര്‍ത്തിയാക്കി ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രവുമാണിത്. ലീമ ജോസഫ് ആണ് നിര്‍മ്മാണം.

ജയരാജ്, ജോണ്‍ എടത്തട്ടില്‍, സാബ് ജോണ്‍ എന്നിവര്‍ തിരക്കഥയെഴുതി 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഹൈവേ’. സുരേഷ് ഗോപിയ്ക്കൊപ്പം, ഭാനുപ്രിയ, വിജയരാഘവന്‍, ബിജു മേനോന്‍, ജനാര്‍ദ്ദനന്‍, സുകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.