'മഞ്ജു വാര്യര്‍ രണ്ടാം തവണയും രക്ഷപ്പെടുവാന്‍ സ്വയം ശ്രമിച്ചുവെങ്കില്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്'

സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള പ്രശ്നത്തില്‍ നടി മഞ്ജു വാര്യരെ പിന്തുണച്ച് എഴുത്തുകാരി ശാരദക്കുട്ടി. സ്‌നേഹബന്ധങ്ങള്‍ ഒരു പ്രത്യേക ഘട്ടം കഴിയുമ്പോള്‍ അതിന്റെ സ്വച്ഛ സൗന്ദര്യങ്ങളും ശാന്തതയും വിട്ട്, കഴുത്തില്‍ കുരുക്കിട്ടു മുറുക്കിത്തുടങ്ങുമ്പോള്‍, ശ്വാസം മുട്ടിക്കുമെന്നു തിരിച്ചറിയുവാനും അതില്‍ നിന്ന് എങ്ങനെയും രക്ഷപ്പെടുവാനും ശ്രമിക്കുന്നത് അതിജീവനത്തിന്റെ ലക്ഷണമാണെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അവര്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം…

സ്‌നേഹബന്ധങ്ങള്‍ ഒരു പ്രത്യേക ഘട്ടം കഴിയുമ്പോള്‍ അതിന്റെ സ്വച്ഛ സൗന്ദര്യങ്ങളും ശാന്തതയും വിട്ട്, കഴുത്തില്‍ കുരുക്കിട്ടു മുറുക്കിത്തുടങ്ങുമ്പോള്‍, ശ്വാസം മുട്ടിക്കുമെന്നു തിരിച്ചറിയുവാനും അതില്‍ നിന്ന് എങ്ങനെയും രക്ഷപ്പെടുവാനും ശ്രമിക്കുന്നത് വിവേചന ശക്തിയുടെ, ബുദ്ധിശക്തിയുടെ, അതിജീവനത്തിന്റെ ലക്ഷണമാണ്. മഞ്ജു വാര്യര്‍ രണ്ടാം തവണയും രക്ഷപ്പെടുവാന്‍ സ്വയം ശ്രമിച്ചുവെങ്കില്‍, അതിനവര്‍ക്കു കഴിയുന്നുവെങ്കില്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിനവര്‍ തിരഞ്ഞെടുക്കുന്നത് ഏതു വഴിയായാലും അതിനൊരു നീതീകരണമുണ്ട്.

രക്ഷകന്മാരുടെ അവകാശവാദങ്ങളെ ഭയക്കാതെ, സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും കാണാച്ചരട് കഴുത്തില്‍ കുരുങ്ങിക്കുരുങ്ങി മുറുകി ശ്വാസം മുട്ടിച്ചത്താല്‍ മാത്രം കിട്ടുന്ന ആ സത്‌പേരിന് മോഹിക്കുന്നില്ല എന്നത് ഒരു സ്ത്രീയെങ്കില്‍ ഒരു സ്ത്രീ തെളിയിക്കട്ടെ. അവരുടെ പ്രിവിലേജസ് അവരെ അതിനു സഹായിക്കുന്നുവെങ്കില്‍ സഹായിക്കട്ടെ. അവര്‍ എങ്ങനെയോ അങ്ങനെ ജീവിക്കട്ടെ. സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ നൃത്തം ചെയ്തു കടന്നു പോകട്ടെ.