ആ സ്ത്രീ യാതൊരു മടിയും കൂടാതെ ചിരിച്ചുകൊണ്ട് ലാല്‍ സാറിന്റെ കരണക്കുറ്റിക്ക് തന്നെ അടിച്ചു, അദ്ദേഹം വേദന കൊണ്ട് പുളഞ്ഞു പോയി: സന്തോഷ് ശിവന്‍

സന്തോഷ് ശിവന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് കാലാപാനി. ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് ശിവന്‍. തന്റെ പുതിയ ചിത്രം ജാക് ആന്‍ഡ് ജില്ലിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സന്തോഷ് ശിവന്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇത്.

അദ്ദേഹത്തിന്റെ വാക്കുകള്‍

ഒരിക്കല്‍ കാലാപാനിയുടെ ഷൂട്ടിനായി ആദിവാസികള്‍ മാത്രം താമസിക്കുന്ന ഒറ്റപ്പെട്ട ഒരു ദ്വീപില്‍ പോയി. കടലില്‍ കുറേ നേരം സഞ്ചരിച്ച് പിന്നെ ചെറുബോട്ടുകളിലാണ് തീരത്തെത്തിയത്. അവിടെ നിന്ന് പിന്നെയും കിലോമീറ്ററുകള്‍ നടക്കേണ്ടിയിരുന്നു. മോഹന്‍ലാലും പ്രഭുവും ഉള്‍പ്പെടെ ക്രൂ മൂഴുവനും ഈ ദൂരമത്രയും നടന്നാണ് പോയത്. പ്രഭു ഒരു സ്റ്റൂളും കൈയില്‍ കരുതിയിരുന്നു.

സിനിമയില്‍ ഒരു രംഗത്തില്‍ ഒരു ആദിവാസി സ്ത്രീ ലാല്‍ സാറിനെ അടിയ്ക്കുന്ന ഒരു രംഗമുണ്ട്. അത് യഥാര്‍ത്ഥത്തില്‍ ചെയ്തതാണ്. ആ സ്ത്രീയോട് അടിയ്ക്കാന്‍ പറഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെ ചിരിച്ചുകൊണ്ട് ലാല്‍ സാറിന്റെ കരണക്കുറ്റിക്ക് തന്നെ അടിയ്ക്കുകയായിരുന്നു. അന്ന് അദ്ദേഹം വേദന കൊണ്ട് പുളഞ്ഞു പോയി. മീന്‍ പിടിക്കുന്ന കൂട്ടരൊക്കെയല്ലേ, അവരുടെ കൈയ്ക്ക് നല്ല ബലം കാണും.

ആ അടിയുടെ കാര്യം ഞാന്‍ അടുത്തിടെ കണ്ടപ്പോഴും ലാല്‍ സാറിനോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന് അത് ഇന്നും നല്ല ഓര്‍മ്മയുണ്ട്. ഇത്രയും വേദനയെടുത്ത ഒരു സന്ദര്‍ഭം ആരെങ്കിലും മറക്കുമോ?