റബ്ബറിന്റെ കറ വറ്റുമ്പോള്‍ അവസാനം ഒരു വെട്ട് വെട്ടും, ആ അവസ്ഥയിലാണ് മമ്മൂട്ടിയും മോഹന്‍ലാലും: ലാല്‍ ചെയ്യുന്നത് ദ്രോഹമെന്ന് സംവിധായകന്‍

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് . മുന്‍പൊക്കെ മോഹന്‍ലാലിന്റെ ഒരു സിനിമപോലും ഒഴിവാക്കാതെ കാണുന്ന ഒരാളായിരുന്നു താനെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പണ്ട് മോഹന്‍ലാലിന്റെ ഒരു സിനിമ വിടാത്ത ആളായിരുന്നു. ഇപ്പോള്‍ ഞാന്‍ മോഹന്‍ലാലിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാന്‍ പറ്റില്ല, പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകള്‍. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്.

റബ്ബറിന്റെ കറ വറ്റുമ്പോള്‍ അവസാനം ഒരു വെട്ട് വെട്ടും’ഊറ്റിയെടുക്കും കറ. അത് പോലെയാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കാര്യം. ഊറ്റി എടുക്കുകയാണ്. കാരണം അവരുടെ കാലഘട്ടം കഴിഞ്ഞില്ലേ. പത്ത് നാല്‍പത് വര്‍ഷം ആയില്ലേ.

അത് കൊണ്ട് അവരുടെ സിനിമ കാണില്ലെന്ന് തീരുമാനിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ. ഒടിടിയില്‍ പോലും കാണില്ല. മമ്മൂട്ടി ചെയ്ത പുഴു, ഉണ്ട പോലുള്ള സിനിമകള്‍. അത്രയും പരീക്ഷണങ്ങള്‍ പോലും മോഹന്‍ലാല്‍ ചെയ്യുന്നില്ല. അതും മോഹന്‍ലാലിനെ പോലെ ഒരു ആക്ടര്‍’

‘മലയാള സിനിമയ്ക്ക് ഏറ്റവും വലിയ ദ്രോഹമാണ് ചെയ്യുന്നതെന്ന് ഞാന്‍ പറയും. കാരണം അയാള്‍ മനസ്സ് വെച്ചിരുന്നെങ്കില്‍ എത്ര നല്ല സിനിമകള്‍ ഉണ്ടായേനെ. അയാള്‍ ചെയ്യുന്നില്ല,’ ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ത്തു.