ആ കാര്യത്തിന് പരിനീതിയോട് ഞാൻ മാപ്പ് ചോദിച്ചിട്ടുണ്ട്, പിന്നീടാണ് രശ്മിക വരുന്നത്: സന്ദീപ് റെഡ്ഡി വങ്ക

‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രൺബിർ കപൂർ നായകനായെത്തിയ ‘അനിമൽ’ സ്ത്രീവിരുദ്ധതകൊണ്ട് നിരവധി വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതേസമയം ചുരുങ്ങിയ സമയം കൊണ്ട് ദിവസങ്ങൾ കൊണ്ട് 800 കോടി രൂപയ്ക്ക് മുകളിലാണ് അനിമൽ ബോക്സ്ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്.

ചിത്രത്തിൽ ആദ്യം രൺബിറിന്റെ നായികയായി നിശ്ചയിച്ചിരുന്നത് പരിനീതി ചോപ്രയെയായിരുന്നു. എന്നാൽ പിന്നീട് കാസ്റ്റിംഗിൽ സംവിധായകൻ മാറ്റം വരുത്തുകയായിരുന്നു. അങ്ങനെയാണ് രശ്മിക മന്ദാന അനിമലിൽ നായികയായെത്തുന്നത്.

“ഗീതാഞ്ജലി എന്ന കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് പരിനീതിയെ ആയിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് ഒന്നര കൊല്ലം മുൻപ് ചിത്രത്തിനായി കരാറും ചെയ്തു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് പരിനീതി ചോപ്രയിൽ ആ കഥാപാത്രത്തെ എനിക്ക് കാണാനായില്ല. അത് എൻ്റെ മാത്രം തെറ്റായിരുന്നു. ചില അവസരങ്ങളിൽ ഇങ്ങനെ നടക്കാറുണ്ട്.

ഇക്കാര്യം പരിനീതിയെ അറിയിച്ചപ്പോൾ അതവരെ വിഷമിപ്പിച്ചുവെങ്കിലും കാര്യം മനസ്സിലാക്കി. പരിനീതിയോട് ഞാൻ മാപ്പ് ചോദിച്ചിട്ടുണ്ട്. പിന്നെയാണ് രശ്മിക മന്ദാനയെ കാസ്റ്റ് ചെയ്യുന്നത്.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക പറഞ്ഞത്.