മലയാളികള്‍ വളരെ ക്രിട്ടിക്കലാണ്.. എനിക്ക് വരുന്ന വിമര്‍ശനങ്ങളെയും ട്രോളുകളെയും ബഹുമാനത്തോടെ കാണുന്നു: സന മൊയ്തൂട്ടി

കവര്‍ സോംഗുകളിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് സന മൊയ്തൂട്ടി. ബോളിവുഡില്‍ അടക്കം ശ്രദ്ധ നേടിയ ഗായികയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആകുന്നത്. ‘ചൊല്‍’ എന്ന ഗാനമാണ് സംഗീതപ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്.

മലയാളത്തില്‍ തന്റെ ഗാനങ്ങള്‍ പ്രശംസിക്കപ്പെടുകയും എന്നാല്‍ അതുപോലെ തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സന ഇപ്പോള്‍. ആളുകള്‍ തന്റെ പാട്ടുകള്‍ സ്വീകരിച്ചുന്നുവെന്ന് തന്നെയാണ് തനിക്ക് തോന്നിയിട്ടുള്ളത്. കവര്‍ സോംഗുകള്‍ ഇറക്കുമ്പോള്‍ ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടാറില്ല.

ഇന്‍സ്റ്റാഗ്രാമില്‍ എല്ലാം തന്റെ പാട്ടുകള്‍ റീലുകളാക്കി സ്റ്റാറ്റസ് ഇടുന്നത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. തനിക്ക് നേരേ വന്ന വിമര്‍ശനങ്ങളെയും ട്രോളുകളെയുമെല്ലാം താന്‍ ബഹുമാനത്തോടെ കാണുന്നു. കാരണം ഒറിജിനല്‍ വേര്‍ഷനോട് ആളുകള്‍ക്കുള്ള വൈകാരികമായ അടുപ്പം കൊണ്ടാണ് കവറുകള്‍ വിമര്‍ശിക്കപ്പെടുന്നത്.

താന്‍ ഏത് പാട്ടു പാടുമ്പോഴും അത്രയും ആസ്വദിച്ചാണ് ചെയ്യുന്നത്. ഒറിജിനലിന് ഒരു സമര്‍പ്പണം എന്ന രീതിയിലാണ് കവര്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ വിമര്‍ശിക്കുന്നവരെയും പ്രശംസിക്കുന്നവരെയും ചേര്‍ത്ത് നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. വിമര്‍ശനങ്ങള്‍ തെറ്റുകള്‍ തിരുത്താന്‍ സഹായിക്കും.

Read more

മലയാളി സംഗീതാസ്വാദകര്‍ വളരെ ക്രിട്ടിക്കലാണ്. അതുപോലെ തന്നെ നല്ലതിനെ പ്രശംസിക്കുന്നതിലും അവര്‍ ഒട്ടും പിശുക്കു കാണിക്കുകയില്ല. മോശമാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യും. ഈ സമീപനത്തെ താന്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. സത്യസന്ധമായ അഭിപ്രായങ്ങളാണ് കലാകാരന്‍മാരെ വളര്‍ത്തുകയുള്ളൂ എന്നാണ് സന മൊയ്തൂട്ടി പറയുന്നത്.