എനിക്ക് തെറ്റുപറ്റി, സത്യം പറഞ്ഞാല്‍, ഇങ്ങനെയായതില്‍ സന്തോഷമുണ്ട്: സാമന്ത

ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളുമായി സാമന്ത. കഠിനമായ വര്‍ക്കൗട്ടിന് ഫലം ലഭിച്ചതിന്റെ സന്തോഷമാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. കൈകളിലെയും പുറം ഭാഗത്തെയും മസിലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം പങ്കുവച്ച് ഒരിക്കലും സാധിക്കില്ലെന്ന് കരുതിയിടത്താണ് ഇപ്പോള്‍ നില്‍ക്കുന്നത് എന്നാണ് നടി കുറിച്ചിരിക്കുന്നത്.

”കുറച്ച് വര്‍ഷം മുമ്പ് കരുത്തുറ്റ വിങ്‌സ് ഉണ്ടായിരിക്കുക എന്ന ആശയം ഞാന്‍ ഉപേക്ഷിച്ചിരുന്നു. എന്റെ ജീനുകളില്‍ അത് ഇല്ലെന്ന് ഞാന്‍ ശരിക്കും കരുതി. നല്ല വിങ്‌സ് ഉള്ള മറ്റ് ആളുകളെ കാണുമ്പോള്‍, ഒരിക്കലും ഞാന്‍ ഇങ്ങനെയാവില്ല എന്ന് ചിന്തിക്കുമായിരുന്നു. പക്ഷേ എനിക്ക് തെറ്റുപറ്റി. സത്യം പറഞ്ഞാല്‍, ഇങ്ങനെയായതില്‍ എനിക്ക് സന്തോഷമുണ്ട്.”

”മസില്‍ വളര്‍ത്തി എടുക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ എങ്ങനെ കാണപ്പെടുന്നു എന്നതിന് മാത്രമല്ല, നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു, എങ്ങനെ നീങ്ങുന്നു, നിങ്ങള്‍ക്ക് എങ്ങനെ പ്രായമാകുന്നു എന്നെല്ലാം അത് തീരുമാനിക്കും. നിങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ ആരോഗ്യ പരിപാലനം നിങ്ങളുടെ ഉറ്റ ചങ്ങാതിയായി മാറേണ്ടതുണ്ട്.”

Read more

”ആ ആരോഗ്യപരിപാലനമാണ് എനിക്ക് മറ്റെന്തിനെക്കാളും ഗുണം ചെയ്തത്. അച്ചടക്കവും ക്ഷമയും അതെന്നെ പഠിപ്പിച്ചു. ജീനുകളില്‍ ഇല്ല എന്നത് ഒരു ഒഴിവ് കഴിവ് മാത്രമാണെന്ന് അത് എന്നെ പഠിപ്പിച്ചു. തോല്‍വിയോട് അടുത്തിരിക്കുന്ന ഘട്ടത്തിലാണെങ്കില്‍ പോലും തോറ്റു കൊടുക്കരുത്. നിങ്ങള്‍ മുന്നോട്ട് പോയാല്‍ നിങ്ങളുടെ ഭാവി നിങ്ങളോട് കടപ്പെട്ടിരിക്കും” എന്നാണ് സാമന്തയുടെ വാക്കുകള്‍.