പൂക്കള്‍ അലര്‍ജി, ഷൂട്ടിനിടെ മുയല്‍ കടിച്ചു.. അണിയേണ്ടി വന്നത് മുപ്പത് കിലോ ഭാരമുള്ള വസ്ത്രം; 'ശാകുന്തളം' ഷൂട്ടിനെ കുറിച്ച് സാമന്ത

സാമന്തയുടെ ‘ശാകുന്തളം’ സിനിമ ഏപ്രില്‍ 14ന് റിലീസിന് ഒരുങ്ങുകയാണ്. ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാമന്ത ശകുന്തളയായി എത്തുമ്പോള്‍ നായകന്‍ ദുഷ്യന്തനായി ദേവ് മോഹന്‍ ആണ് വേഷമിടുന്നത്. ശാകുന്തളം സിനിമ ചെയ്യുമ്പോള്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സാമന്ത.

തനിക്ക് പൂക്കള്‍ അലര്‍ജിയാണെന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. പുഷ്പാഭരണങ്ങള്‍ അണിഞ്ഞ് വെള്ള സാരി ഉടുത്ത് നില്‍ക്കുന്ന സാമന്തയാണ് ശാകുന്തളത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ ഉണ്ടായിരുന്നത്. പുഷ്പാഭരണങ്ങള്‍ ധരിക്കുന്നതില്‍ തനിക്ക് കുഴപ്പമില്ലായിരുന്നു എന്നാല്‍ അത് നീക്കം ചെയ്താല്‍ കൈകളില്ലാം പാടുകള്‍ കാണുമായിരുന്നു എന്നാണ് സാമന്ത പറഞ്ഞത്.

തന്റെ കൈയില്‍ ആറു മാസമായി പൂവിന്റെ ടാറ്റു ഉണ്ടായിരുന്നു എന്നും സാമന്ത ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ”ആറു മാസമായി എന്റെ കൈയില്‍ പൂവിന്റെ ടാറ്റൂ ഉണ്ടായിരുന്നു. ആര്‍ക്കും അത് ശരിയാക്കാന്‍ പറ്റിയിരുന്നില്ല. ടാറ്റൂ പിന്നീട് മാഞ്ഞു പോയെങ്കിലും ഷൂട്ടിംഗ് സമയത്ത് അത് മേക്കപ്പ് കൊണ്ട് മറച്ച് വെയ്‌ക്കേണ്ടി വന്നിരുന്നു” എന്ന് താരം പറഞ്ഞു.

ഇത് കൂടാതെ തന്നെ മുയല്‍ കടിച്ചതിനെ കുറിച്ചും താരം പറയുന്നുണ്ട്. ആളുകള്‍ പറയുന്നതു പോലെ മുയലുകളെ കൊഞ്ചിക്കാന്‍ പറ്റില്ലെന്ന് ഇതോടെ മനസിലായെന്നും സാമന്ത വ്യക്തമാക്കിയിരുന്നു. മാത്രമല്ല സിനിമയില്‍ താന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം 30 കിലോയ്ക്ക് അടുത്ത് ഭാരമുള്ളതാണെന്നും താരം പറഞ്ഞിരുന്നു.