കരഞ്ഞുകൊണ്ട് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളായിരുന്നു അത്; വിവാഹമോചനത്തെ കുറിച്ച് സമാന്ത

വളരെക്കാലം നീണ്ട പ്രണയത്തിന് ശേഷമാണ് 2017ല്‍ നാഗചൈതന്യയും നടി സമാന്തയും വിവാഹിതരാവുന്നത്. 2017ല്‍ തന്നെ ഇരുവരും വേര്‍പിരിയുന്നതായുള്ള സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ്സുതുറന്നിരിക്കുകയാണ് നടി.

മിക്ക ദിവസങ്ങളിലും കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാതെ താന്‍ കരഞ്ഞുകൊണ്ടിരുന്നുവെന്നും ഇതില്‍നിന്നു രക്ഷപ്പെടാന്‍ തനിക്കു കഴിയുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നെന്നും സമാന്ത വെളിപ്പെടുത്തുന്നു.

” എല്ലാ താഴ്ചകളിലൂടെയും കടന്നുപോയ സമയമായിരുന്നു അത്. മൂന്നാമതൊരാളുടെ വീക്ഷണകോണില്‍ നോക്കുമ്പോള്‍ ഞാന്‍ സ്‌ട്രോങ് ആയി എല്ലാം നേരിട്ടു എന്നു തോന്നാം. പക്ഷേ പ്രതികരിക്കാന്‍ പോലും കഴിയാത്ത, ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.

എന്റെ തലയില്‍ ഒന്നുമുണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളായിരുന്നു അത്. ഞാന്‍ ശരിയാകുമോ എന്ന് അമ്മയോടു നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. ഇതില്‍ നിന്നെല്ലാം പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്ന ദുര്‍ബലയായ ഒരു ചെറിയ പെണ്‍കുട്ടി എന്റെ ഉള്ളിലുണ്ടായിരുന്നു.

ഈ അവസ്ഥയില്‍നിന്ന് രക്ഷപ്പെട്ടില്ലെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയായിരുന്നു. എന്നെത്തന്നെ നശിപ്പിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാന്‍ ഘട്ടംഘട്ടമായി നിരാശയില്‍നിന്നു പുറത്തു കടന്നു. സമാന്ത കൂട്ടിച്ചേര്‍ത്തു.