പാമ്പ് കടിച്ചത് മൂന്നുതവണയാണ്, പാമ്പിനെന്തെങ്കിലും പറ്റിയോ എന്നായിരുന്നു അച്ഛന് അറിയേണ്ടത്: സല്‍മാന്‍ ഖാന്‍

ഇക്കഴിഞ്ഞ ഞായറാഴ്ച തന്റെ അന്‍പത്തിയാറാം പിറന്നാള്‍ ദിനാഘോഷം നടക്കുന്നതിനിടെ പന്‍വേലിലെ ഫാം ഹൗസില്‍ വച്ച് നടന്‍ സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റിരുന്നു. ഇപ്പോഴിതാ തനിക്ക് പാമ്പ് കടിയേറ്റ സാഹചര്യത്തെ കുറിച്ചും പിന്നീട് അതിനെ കുറിച്ച് തന്റെ പിതാവ് ചോദിച്ചതിനെ കുറിച്ചുമൊക്കെ മാധ്യമങ്ങളോട് സംസാരിക്കുകയാണ് സല്‍മാന്‍.

 

തനിക്ക് എന്തെങ്കിലും പറ്റിയോ എന്നല്ല മറിച്ച് പാമ്പിന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അച്ഛന് അറിയേണ്ടത് എന്നാണ് ചിരിച്ചുകൊണ്ട് സല്‍മാന്‍ പറഞ്ഞത്.

‘പനവേലിലെ ഫാം ഹൗസ് കാടിന്റെ അടുത്താണ് ഉള്ളത്. ഫാം ഹൗസിലെ റൂമില്‍ കയറിയ പാമ്പിനെ കണ്ട് കുട്ടികള്‍ പേടിച്ചു. നീളമുള്ള വടി കൊണ്ട് വരാന്‍ ഞാന്‍ അവരോട് പറഞ്ഞു. അവര്‍ ഒരു വടി കൊണ്ട് വരുകയും ചെയ്തു. ആ വടി വെച്ച് പാമ്പിനെ വളരെ സ്നേഹത്തോടെ എടുത്ത ഞാന്‍ അതിനെ കാട്ടിലേക്ക് പറഞ്ഞ് അയക്കാനായി കൊണ്ട് പോകുകയായിരുന്നു.

എന്നാല്‍ വഴിക്ക് വെച്ച് പാമ്പ് വടിയില്‍ നിന്ന് മാറി മുകളിലേക്ക് കയറാന്‍ തുടങ്ങി. അപ്പോഴേക്കും വടി ഉപേക്ഷിച്ച് പാമ്പിനെ ഞാന്‍ കൈ കൊണ്ട് എടുത്തു. അപ്പോഴാണ് ആദ്യത്തെ കടി ഏറ്റത്. പിന്നീടും ആളുകള്‍ ബഹളം വെച്ച് കൊണ്ടേയിരുന്നു ആ ബഹളത്തില്‍ രണ്ടാമത്തെ കടിയും കിട്ടി. ഹോസ്പിറ്റല്‍ ഹോസ്പിറ്റല്‍ എന്ന് ബഹളം വെച്ചപ്പോള്‍ മൂന്നാമത്തെ കടിയും ഏറ്റു,’ സല്‍മാന്‍ പറയുന്നു.

 

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനാണ് നടന്‍ ഫാം ഹൗസിലെത്തിയത്. താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ക്രിസ്മസ് രാത്രിയില്‍ താരത്തിന്റെ ഫാം ഹൗസില്‍ പാര്‍ട്ടി നടന്നിരുന്നു. ലോക്ഡൗണ്‍ കാലത്തും താരം ഫാം ഹൗസിലാണ് ചിലവഴിച്ചത്.

അതേസമയം, നിരവധി സിനിമകളാണ് സല്‍മാന്റെതായി ഒരുങ്ങുന്നത്. ഷാരൂഖ് ചിത്രം പത്താന്‍, ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ എന്നിവയില്‍ കാമിയോ റോളില്‍ താരം എത്തുന്നുണ്ട്. പത്താന്റെ ഷൂട്ടിംഗ് സല്‍മാന്‍ പൂര്‍ത്തിയാക്കിയിരുന്നു.

കത്രീന കൈഫിന്റെ വിവാഹത്തിന് ശേഷം ടൈഗര്‍ 3-യുടെ ഷൂട്ടിംഗ് തുടരാന്‍ ഒരുങ്ങുകയാണ് സല്‍മാന്‍ ഇപ്പോള്‍.