'സിഐഡി മൂസ 2'വില്‍ ഞാന്‍ ഉണ്ടാവില്ല, ആ സിനിമ വേണ്ടെന്ന പക്ഷക്കാരനാണ് ഞാന്‍: സലിം കുമാര്‍

‘സിഐഡി മൂസ’ എന്ന ഹിറ്റ് കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധായകന്‍ ജോണി ആന്റണി പ്രഖ്യാപിച്ചിരുന്നു. ദിലീപിനെ നായകനാക്കി രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ ആ ചിത്രത്തില്‍ താന്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സലിം കുമാര്‍ ഇപ്പോള്‍.

രണ്ടാം ഭാഗം വേണ്ടന്ന പക്ഷക്കാരനാണ് താന്‍ എന്നാണ് സലിം കുമാര്‍ പറയുന്നത്. ”രണ്ടാം ഭാഗത്തില്‍ ഒരിക്കലും ഞാന്‍ ഉണ്ടാകില്ല. കാരണം അതിന്റെ കാലഘട്ടം മാറിക്കഴിഞ്ഞു. നമ്മുടെ പ്രായം മാറി. അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ല ഇപ്പോള്‍. ഇന്ന് അതൊക്കെ പിള്ളേര് ചെയ്യട്ടെ” എന്നാണ് സലിം കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

സിഐഡി മൂസയില്‍ ഒരു ഭ്രാന്തന്റെ റോളിലാണ് സലിം കുമാര്‍ എത്തിയത്. ഈ റോള്‍ ഏറെ പൊട്ടിച്ചിരിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതേസമയം, വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന സിനിമയുടെ പ്രമോഷനിടെ ആണ് സിഐഡി മൂസ ഉടന്‍ വരുമെന്ന് ജോണി ആന്റണി അറിയിച്ചത്.

ചിത്രത്തിന് 500 കോടി രൂപ ഷെയര്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റിംഗും മറ്റും നടക്കുക ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2003ല്‍ ആണ് സിഐഡി മൂസ റിലീസ് ചെയ്തത്. ആനിമേഷന്‍ സിനിമ ആയാകും മൂസ വീണ്ടും എത്തുക എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.