സൈനയ്‌ക്ക് എതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം, സിദ്ധാര്‍ഥിന് എതിരെ വിമര്‍ശനവുമായി ആരാധകര്‍ പോലും, പ്രതികരിച്ച് സൈനയും ഭര്‍ത്താവും

 

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെ പരിഹസിച്ച് സിദ്ധാര്‍ഥ് നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. റീട്വീറ്റില്‍ സിദ്ധാര്‍ഥ് ഉപയോഗിച്ച മോശം വാക്കാണ് താരത്തെ കുരുക്കിയത്. ദേശീയ വനിതാ കമ്മീഷന്‍ താരത്തിന് നോട്ടീസ് അയച്ചു.

‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാകില്ല. ഒരുകൂട്ടം അരാജകവാദികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ സാദ്ധ്യമായ ഏറ്റവും കടുത്ത വാക്കുകളില്‍ ഞാന്‍ അപലപിക്കുന്നു’ എന്നായിരുന്നു സൈനയുടെ ട്വീറ്റ്.

സൈനയ്ക്കെതിരെ സിദ്ധാര്‍ഥ് ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനമുയരുന്നത്. ഇതോടെ, മോശം അര്‍ത്ഥത്തിലല്ല ട്വീറ്റിലെ പരാമര്‍ശങ്ങളെന്ന വിശദീകരണവുമായി നടന്‍ രംഗത്തെത്തി.

‘അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. നടനെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ, ഈ കുറിച്ചത് അത്ര നല്ലതല്ല. അദ്ദേഹത്തിന് സ്വന്തം അഭിപ്രായം കുറച്ചുകൂടി നല്ല വാക്കുകളില്‍ പ്രകടിപ്പിക്കാമായിരുന്നു. ഇത്തരം പരാമര്‍ശങ്ങളുടെ കാര്യത്തില്‍ ട്വിറ്ററും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കരുതുന്നു’ സിദ്ധാര്‍ഥിന്റെ ട്വീറ്റിനോട് സൈന പ്രതികരിച്ചു. സൈനയുടെ ഭര്‍ത്താവ് പി കശ്യപും നടന്റെ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി.

‘ഇത് ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. താങ്കള്‍ക്ക് സ്വന്തം അഭിപ്രായം പറയാം. പക്ഷേ, അതിനായി നല്ല ഭാഷ തിരഞ്ഞെടുക്കൂ. പ്രതികരിക്കാന്‍ തിരഞ്ഞെടുത്ത ഭാഷയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് താങ്കള്‍ കരുതിയതെന്നാണ് തോന്നുന്നത്’, കശ്യപ് കുറിച്ചു.