കടം മേടിക്കാത്ത ആള്‍ക്കാര്‍ ആരെങ്കിലുമുണ്ടോ? ഞാന്‍ ചെയ്ത 130 കഥാപാത്രങ്ങളും കടക്കാരനായിട്ടാണ്: സൈജു കുറുപ്പ്

മലയാള സിനിമയിലെ ‘ഡെബ്റ്റ് സ്റ്റാര്‍’ എന്നാണ് നടന്‍ സൈജു കുറുപ്പിനെ ട്രോളന്‍മാര്‍ വിശേഷിപ്പിക്കുന്നത്. അഭിനയിച്ച മിക്ക സിനിമകളിലും കടക്കാരനായ കഥാപാത്രമായി എത്തിയതോടെയാണ് സൈജുവിന് ഈ പേര് വന്നത്. ഈ ട്രോളുകള്‍ താന്‍ തമാശയായിട്ട് മാത്രമേ എടുത്തിട്ടുള്ളു എന്നാണ് സൈജു ഇപ്പോള്‍ പറയുന്നത്.

”കടണക്കെണി സ്റ്റാര്‍ എന്ന വിളിയൊക്കെ ഞാന്‍ വളരെ തമാശയായിട്ടാണ് എടുക്കുന്നത്. സീരിയസായി എടുത്താല്‍ ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാതിരിക്കണം. ഞാന്‍ ചെയ്ത 130 കഥാപാത്രങ്ങള്‍ക്കും കടവും പ്രാരാബ്ധവുമൊക്കെ ഉണ്ടായിട്ടുണ്ട്. കടം മേടിക്കാത്ത ആള്‍ക്കാര്‍ ആരെങ്കിലുമുണ്ടോ?”

”ജീവിതത്തില്‍ എല്ലാവര്‍ക്കും കടം കാണുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നേരിട്ട് ചോദിച്ചിട്ടില്ലെങ്കിലും ബാങ്കില്‍ പോയി ലോണ്‍ എടുക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് ഏത് കഥാപാത്രം ചെയ്താലും അവര്‍ക്ക് കടവും പ്രരാബ്ധവുമൊക്കെ കാണും.”

”കടക്കെണി സ്റ്റാര്‍ എന്നതിന് പകരം ലൈബലിറ്റി സ്റ്റാര്‍, ഇ.എം.ഐ സ്റ്റാര്‍, ലോണ്‍ സ്റ്റാര്‍ എന്നൊക്കെ ഒരുപാട് പേരുകള്‍ ഉള്ളയാളാണ് ഞാന്‍” എന്നാണ് സൈജു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ട്രോളുകളോട് പ്രതികരിച്ച് നേരത്തെയും സൈജു രംഗത്തെത്തിയിട്ടുണ്ട്.

‘3-4 കഥകള്‍ പ്രാരാബ്ധം കടം ഒക്കെ ഉള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട് നമ്മള്‍ പൊളിക്കും’ എന്ന ക്യാപ്ഷനോടെ സൈജു ട്രോളുകള്‍ പങ്കുവച്ചിരുന്നു. ഒരുത്തി, തീര്‍പ്പ്, മേം ഹൂ മൂസ, 12ത് മാന്‍, മേപ്പടിയാന്‍, മാളികപ്പുറം എന്നീ ചിത്രങ്ങളിലെല്ലാം കടക്കാരനായിട്ടാണ് സൈജു അഭിനയിച്ചത്.