സിബിഐ പരമ്പരയിലെ പുതിയ ചിത്രം ആരംഭിക്കുന്നു, ധ്രുവത്തിനും രണ്ടാം ഭാഗം ഉണ്ടാകുമോ?; മനസ് തുറന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ജോഷി- എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ പിറന്ന ധ്രുവം. മമ്മൂട്ടി, സുരേഷ് ഗോപി, വിക്രം, ഗൗതമി, ടൈഗര്‍ പ്രഭാകര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രം പുറത്തിറങ്ങി 27 വര്‍ഷം പിന്നിടുമ്പോളും ചിത്രത്തിലെ ഗാനങ്ങള്‍ക്കും നരസിംഹ മന്നാടിയാര്‍ക്കും ഇന്നും ഏറെ ആരാധകരുണ്ട്. അതിനാല്‍ തന്നെ ചിത്രത്തിന് രണ്ടാം ഭാഗം സംഭവിക്കുമോ എന്ന ആകാംക്ഷ ആരാധകരിലുണ്ട്. അത് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി. ചിത്രത്തിന് രണ്ടാം ഭാവം ഉണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.

“ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ല. ഹൈദര്‍ മരക്കാരെ നരസിംഹ മന്നാടിയാര്‍ തൂക്കിക്കൊന്നു. പിന്നെ എന്തിന് രണ്ടാംഭാഗം..?” മനോരമയുമായുള്ള അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി പറഞ്ഞു. അതേസമയം സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം ഉടന്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു 90 ശതമാനവും തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഇനി കുറച്ച് തിരുത്തലുകളൊക്കെ ചെയ്യാനുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് മെയ്, ജൂണ്‍ മാസത്തിലാണ് കിട്ടിയിരിക്കുന്നത്. അപ്പോഴേക്കും ഷൂട്ടിംഗ് ആരംഭിക്കും.” എസ്.എന്‍ സ്വാമി പറഞ്ഞു.

മമ്മൂട്ടി, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം “ബാസ്‌ക്കറ്റ് കില്ലിംഗ്” എന്ന കഥാതന്തുവാണ് അവലംബിക്കുന്നതെന്നാണ് വിവരം. തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാനാണ് സേതുരാമയ്യരുടെ വരവ്.