സാരി ഉടുക്കാന്‍ ഇഷ്ടമാണ്, എന്നാല്‍ അന്ന് സ്റ്റേജ് ഷോകളില്‍ സാരിയുടുക്കേണ്ടി വരുമ്പോള്‍ ബെല്‍റ്റ് കെട്ടുമായിരുന്നു: റിമി ടോമി

ഗായികയായും അവതാരകയും നടിയായും പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് റിമി ടോമി. ശരീരഭാരം കുറച്ച് എത്തിയ റിമിയുടെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തടിച്ചിരുന്ന റിമി വളരെ പെട്ടെന്നാണ് മെലിഞ്ഞത്. തന്റെ സ്‌റ്റേജ് പെര്‍ഫോമന്‍സിനും ആരോഗ്യത്തിനുമെല്ലാം രൂപമാറ്റം അനിവാര്യമായി തോന്നി എന്നാണ് റിമി പറയുന്നത്.

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ശരീരത്തിന്റെ ഭാരം കുറഞ്ഞു വരുമ്പോള്‍ ആകെ ഒരു വ്യത്യാസം തോന്നുമല്ലോ? ഇഷ്ടമുള്ള ഡ്രസ് ഇടാന്‍ കഴിയുന്നതു പോലെ. തനിക്ക് സാരി ഉടുക്കാന്‍ ഒരുപാട് ഇഷ്ടമാണ്. വയറു നിറച്ച് ഭക്ഷണം കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. വലിയ ബുദ്ധിമുട്ടാണ്.

അപ്പോള്‍ വയറു ചാടിയിരുന്നാലോ. പണ്ടു സ്റ്റേജ് ഷോകളിലൊക്കെ സാരിയുടുക്കേണ്ടി വരുമ്പോള്‍ വയര്‍ ഒതുങ്ങിയിരിക്കുന്നതിനായി ബെല്‍റ്റ് കെട്ടുമായിരുന്നു. സ്റ്റേജ് പെര്‍ഫൊമന്‍സിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോ ബെല്‍റ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാന്‍ കഴിയുന്നു എന്നാണ് റിമി പറയുന്നത്.

ശരീരഭാരം കുറച്ചതിനെ കുറിച്ച് തന്റെ യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയ പേജുകളിലും റിമി ടോമി പങ്കുവയ്ക്കാറുണ്ട്. മൂന്ന് വര്‍ഷമായി ന്യൂട്രീഷണല്‍ ഷെയ്ക്ക് ആണ് ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കാറുള്ളത്. പ്രഭാത ഭക്ഷണത്തിന് ബുഫെയിലേക്ക് പോയാല്‍ ഡയറ്റിംഗിന്റെ താളം തെറ്റുമെന്നും റിമി പറയുന്നു.