വിനായകന്‍ എന്റെ ഫോട്ടോ ഇട്ടത് അഭിനന്ദനമായാണ് കാണുന്നത്, പക്ഷെ പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ വേദനിപ്പിച്ചു: റിമ കല്ലിങ്കല്‍

വിനായകന്‍ തന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതില്‍ പ്രതികരിച്ച് റിമ കല്ലിങ്കല്‍. മാസങ്ങള്‍ക്ക് മുമ്പായിരുന്നു റിമയുടെ ഒരു ഗ്ലാമറസ് ചിത്രം വിനായകന്‍ പങ്കുവച്ചത്. പതിവ് പോലെ ക്യാപ്ഷനുകള്‍ ഒന്നും ഇല്ലാതെ ആയിരുന്നു വിനായകന്റെ പോസ്റ്റ്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും റിമയ്ക്കും വിനായകനുമെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തന്നെ അഭിനന്ദിക്കാനാണ് വിനായകന്‍ ഇങ്ങനെ ചെയ്തത് എന്നാണ് റിമ പറയുന്നത്.

”എന്നെ അഭിനന്ദിക്കാനായാണ് വിനായകന്‍ ആ ഫോട്ടോ ഇട്ടത് എന്നാണ് ഞാന്‍ കരുതുന്നത്. ഷക്കീല മാഡത്തിന്റെയും രേഷ്മയുടെയുമൊക്കെ വലിയ ആരാധികയാണ് ഞാന്‍. അതുവരെ ഉണ്ടായിരുന്ന പൊതുബോധത്തെ തകര്‍ത്തു കളഞ്ഞവരാണ് അവര്‍. അവരെപ്പോലെ കരുതിയാണ് വിനായകന്‍ എന്റെ ചിത്രം പോസ്റ്റ് ചെയ്തതെങ്കില്‍ സന്തോഷമേയുള്ളൂ.”

”അത് അഭിനന്ദനമായിട്ടേ കാണൂ” എന്ന് റിമ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘കമ്മട്ടിപ്പാടം’ സിനിമയ്ക്ക് ശേഷമുള്ള വിനായകനെ തനിക്ക് അറിയില്ല എന്നും റിമ പറയുന്നുണ്ട്. ”കമ്മട്ടിപ്പാടത്തില്‍ അഭിനയിക്കുകയും സ്റ്റേറ്റ് അവാര്‍ഡ് കിട്ടുകയുമൊക്കെ ചെയ്ത വിനായകനെ എനിക്കറിയാം. പക്ഷെ അത് കഴിഞ്ഞുള്ള വിനായകനെ നേരിട്ട് പരിചയമില്ല.”

”ആ ഫോട്ടോ ഇട്ടത് എന്നെ ബാധിച്ചിട്ടേയില്ല. പക്ഷെ വിനായകനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും വേദനിപ്പിച്ചിട്ടുണ്ട്. അതാണ് എന്നെ ബാധിക്കുന്നത്. ഞാന്‍ പെണ്‍കുട്ടിയ്ക്ക് വേണ്ടി ഞാന്‍ പ്രതികരിക്കും. പക്ഷെ ഫോട്ടോയുടെ കാര്യത്തില്‍ ഒന്നും പറയാനില്ല” എന്നാണ് റിമ പറഞ്ഞത്.

Read more

അതേസമയം, വിനായകന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതി നല്‍കിയ യുവതിക്ക് റിമ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ വിനായകനെതിരെ കേസ് എടുത്തിരുന്നു. അസഭ്യ വാക്കുകള്‍ പങ്കുവയ്ക്കുന്ന നടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്.