കൂവി തെളിയുക തന്നെ വേണം, കൂവല്‍ ഒന്നും എനിക്ക് പുത്തിരി അല്ല, മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററില്‍ വരട്ടെ അപ്പോള്‍ എത്ര പേര് കാണാന്‍ വരുമെന്ന് അറിയാം: രഞ്ജിത്ത്

മമ്മൂട്ടിയുടെ ചിത്രം ‘നന്‍ പകല്‍ നേരത്ത് മയക്കം’ തിയേറ്ററില്‍ വരുമ്പോള്‍ എത്ര പേര്‍ കാണാനെത്തുമെന്ന് നോക്കാമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഐഎഫ്എഫ്‌കെ യുടെ സമാപന ചടങ്ങില്‍ വെച്ചായിരുന്നു രഞ്ജിതിന്റെ പ്രതികരണം.

തിരുവനന്തപുരത്ത് നിന്നുള്ള എന്റെ സുഹൃത്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് എന്നെ വിളിച്ച് പറഞ്ഞു ചേട്ടന്‍ എഴുന്നേറ്റ് സംസാരിക്കാന്‍ വരുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ് തീരുമാനിച്ചിട്ടുണ്ടെന്ന്. ഞാന്‍ പറഞ്ഞു നല്ല കാര്യമാണ് കൂവി തെളിയുക തന്നെ വേണം. കൂവല്‍ ഒന്നും എനിക്ക് പുത്തിരി അല്ല.

പിന്നെ മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററില്‍ വരും അപ്പോള്‍ എത്ര പേര് കാണാന്‍ വരുമെന്നുള്ളത് നമ്മുക്ക് നോക്കാം’. രഞ്ജിത്ത് പറഞ്ഞു.

സമാപന ചടങ്ങ് ഇന്ന് വൈകിട്ട് ആറിന് തുടങ്ങി. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ അമുഖ പ്രസംഗത്തിന് വേദിയിലേക്ക് ചെയര്‍മാനായ രഞ്ജിത്തിനെ ക്ഷണിച്ചപ്പോഴാണ് കാണികളുടെ കൂവല്‍ തുടങ്ങിയത്. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ മുഖ്യാതിഥിയാകും. മന്ത്രി കെ രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി.