ആവശ്യത്തില്‍ കവിഞ്ഞ അഹങ്കാരമായിരുന്നു എനിക്ക്, മമ്മൂക്കയോടും താത്പര്യമില്ലെന്ന് പറഞ്ഞു: രണ്‍ജി പണിക്കര്‍

മമ്മൂട്ടിയുമായി തനിക്ക് പലപ്പോഴും ഇണക്കവും പിണക്കവുമുണ്ടാകാറുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഒരു വട്ടം പിണങ്ങിയതിന് ശേഷം മമ്മൂട്ടി സിനിമയുടെ കഥ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ തയ്യാറായില്ലെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ജി പണിക്കര്‍ ഇത് വെളിപ്പെടുത്തിയത്.

ഏകലവ്യന്റെ കഥ ഞാന്‍ മമ്മൂക്കയോടാണ് ആദ്യമായി പറയുന്നത്. ചില കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോയി. അപ്പോള്‍ പിന്നെ മമ്മൂട്ടിയോട് ഇനി ഒരു കഥയും പറയില്ലെന്ന് വാശിയില്‍ സ്വയമൊരു തീരുമാനമെടുത്തു. പിന്നീട് മമ്മൂട്ടിയെ നായകാനാക്കി അക്ബര്‍ എന്നൊരു നിര്‍മാതാവ് സിനിമ ചെയ്യണമെന്ന് പറഞ്ഞു വന്ന് കണ്ടു. പിന്നെ മമ്മൂട്ടി വിളിച്ചില്ലേ സിനിമ ചെയ്യുന്നില്ലേ എന്ന് ഷാജി കൈലാസ് എന്നോട് ചോദിച്ചു. ഷാജി ചെയ്തോ എനിക്ക് അങ്ങനൊരു സിനിമ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു.

പിന്നെ ഒരു ദിവസം മമ്മൂട്ടി എന്നേയും ഷാജിയേും വീട്ടില്‍ വിളിച്ചുകൊണ്ടുപോയി ബിരിയാണി തന്നു. എന്നിട്ട് കഥ പറയാന്‍ പറഞ്ഞു. പറയില്ല എന്ന് ഞാന്‍ പറഞ്ഞു. പലപ്പോഴും നമ്മുടെ ധാരണകളെ ആളുകള്‍ മറികടക്കുന്നത് അവരുടെ ഹൃദയവിശാലത കൊണ്ടാണ്,’ രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.