നാട്ടിലെത്തി മകനെ ആദ്യമായി കാണുമ്പോൾ അവന് കൊടുക്കാൻ ഒരു മിഠായി പോലും എന്റെ കയ്യിലുണ്ടായിരുന്നില്ല: നജീബ്

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്.

Image

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ഇപ്പോഴിതാ മരുഭൂമിയിലെ ആടുകൾക്കൊപ്പമുള്ള ജീവിതത്തിൽ നിന്ന് അതിജീവിച്ച ശേഷം നാട്ടിലെത്തിയപ്പോഴുള്ള തന്റെ മാനസികാവസ്ഥയെ പറ്റി സംസാരിക്കുകയാണ് യഥാർത്ഥ നജീബ്. തന്റെ മകൻ തന്നെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും, എന്നാൽ അതിനേക്കാൾ തന്നെ വിഷമിപ്പിച്ചത് അവന് കൊടുക്കാൻ കയ്യിൽ ഒരു മിഠായി പോലും ഉണ്ടായിരുന്നില്ല എന്നതാണെന്നും നജീബ് പറയുന്നു.

Image

” കറുത്ത് ക്ഷീണിച്ചാണ് ഞാൻ നാട്ടിലെത്തിയത്. ആർക്കും എന്നെ പെട്ടെന്ന് മനസിലായില്ല. ഭാര്യക്ക് ആൺകുഞ്ഞ് ജനിച്ചെന്നും, അവന് നബീൽ എന്ന് പേരിട്ടെന്നും ഫോണിലൂടെയാണ് ഞാൻ അറിഞ്ഞത്.

വീട്ടിലെത്തിയപ്പോൾ എൻ്റെ വാപ്പയുടെ അടുത്ത് മകൻ നിൽക്കുന്നുണ്ടായിരുന്നു. അവനോട് എൻ്റെ വാപ്പ പറഞ്ഞത് ‘എടാ ഇതാണ് നിന്റെ വാപ്പ’ എന്നായിരുന്നു. അത് കേട്ട് എന്നെ നോക്കിയിട്ട് ‘ഇതെന്റെ വാപ്പയൊന്നും അല്ല’ എന്ന് പറഞ്ഞ് അവൻ പോയി. എന്നെ അവൻ തിരിച്ചറിയാത്തതിനെക്കാൾ വിഷമമായത് അവനെ ആദ്യമായി കാണുമ്പോൾ കൊടുക്കാൻ വേണ്ടി ഒരു മിഠായി പോലും എൻ്റെ കൈയിൽ ഇല്ലല്ലോ എന്നായിരുന്നു.

ബെന്യാമിൻ സാർ എൻ്റെ കഥ നോവലാക്കിയ ശേഷം ഒരുപാട് രാജ്യങ്ങളിൽ എനിക്ക് പോവാൻ പറ്റി. ഇനിയെനിക്ക് അധികം യാത്രയൊന്നും ചെയ്യാതെ ഭാര്യയോടും കുടുംബത്തോടും കൂടെ സന്തോഷമായി ജീവിക്കണമെന്ന് മാത്രമേയുള്ളൂ.” എന്നാണ് ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ നജീബ് പറഞ്ഞത്.

പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമാണ് ആടുജീവിതം എന്നാണ് പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.