കുമിളയിലിരിക്കുന്നത് പോലെ ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല; 'അനിമൽ' ട്രോളുകളിൽ പ്രതികരണമറിയിച്ച് രശ്മിക

രൺബിർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമൽ’ എന്ന ചിത്രം ഒടിടി റിലീസിന് ശേഷവും ചർച്ചകളിൽ നിറയുകയാണ്. സ്ത്രീ വിരുദ്ധതയും, വയലൻസും ഗ്ലോറിഫൈ ചെയ്യുന്നതാണ് ചിത്രമെന്നാണ് പൊതുവായി ഉയർന്നുവരുന്ന വിമർശനം.

വിമർശനങ്ങൾ കൂടാതെ നായിക രശ്മിക മന്ദാനക്കെതിരെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ അത്തരം ട്രോളുകളോടും കളിയാക്കലുകളോടുമുള്ള തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് രശ്മിക മന്ദാന. ചിത്രീകരണ സമയത്ത് തനിക്ക് ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ രംഗത്തിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ട്രോളുകളും കളിയാക്കലുകളും കിട്ടുന്നതെന്നാണ് രശ്മിക പറയുന്നത്.

“എന്‍റെ സിനിമ എങ്ങനെയാണ്, അതില്‍ എന്‍റെ മുഖം എങ്ങനെയാണ്, ഡയലോഗ് എങ്ങനെയാണ് എന്നതെല്ലാം വച്ച് എന്നെ ട്രോള്‌‍ ചെയ്യുന്നുണ്ട്. എനിക്കറിയാം പെര്‍ഫോമന്‍സ് എങ്ങനെയായിരുന്നു എന്ന്. അഞ്ച് മാസം മുമ്പാണ് പെര്‍ഫോം ചെയ്​തത്. ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള സീൻ ചെയ്തപ്പോൾ സെറ്റിലുള്ള ആളുകൾക്ക് അത് ഇഷ്ടപ്പെട്ടു. അവർ കൈയടിച്ചു, നന്നായി ചെയ്തുവെന്ന് എനിക്കും തോന്നി.

എന്നാൽ ട്രെയ്​ലർ പുറത്തിറങ്ങിയപ്പോള്‍ അതേ സീനിൽ നിന്നുള്ള ഡയലോഗിന് ഒരുപാട് ട്രോള്‍ ലഭിച്ചു. ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള സീൻ ഞാന്‍ ചെയ്തപ്പോള്‍ സെറ്റിലുള്ളവര്‍ക്ക് അത് ഇഷ്ടപ്പെട്ടു, പക്ഷേ ആളുകൾ ഇപ്പോൾ എന്നെ ട്രോളുന്നു. അപ്പോൾ ഞാൻ ഒരു കുമിളയിലാണോ ജീവിക്കുന്നത്?

ആളുകൾക്ക് ഈ സീൻ ഇഷ്ടപ്പെടില്ലേ? കാരണം എന്താണ് ഷൂട്ട് ചെയ്തതെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ആളുകൾക്ക് അറിയില്ല. സ്ക്രീനില്‍ കാണുന്ന 10 സെക്കൻഡ് മാത്രമേ ആളുകൾക്ക് അറിയുകയുള്ളൂ. കുമിളയിലിരിക്കുന്നത് പോലെ ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് മണ്ണിലേക്ക് ഇറങ്ങണം, ആളുകളോട് സംസാരിക്കണം. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന് എനിക്കറിയണം.” എന്നാണ് ഒരു പോഡ്കാസ്റ്റിൽ രശ്മിക പറയുന്നത്.