ഒരുപാട് തവണ സാമി സാമി സ്റ്റെപ് വെച്ചു, ഇനിയില്ല, നടുവേദന വരും: രശ്മിക മന്ദാന

‘പുഷ്പ’ സിനിമയുടെ റിലീസിന് പിന്നാലെ എത്തുന്ന വേദികളില്‍ എല്ലാം രശ്മിക മന്ദാന ‘സാമി സാമി’ ഗാനത്തിന് ചുവടു വെയ്ക്കാറുണ്ട്. എന്നാല്‍ ഇനി താന്‍ ഈ ഗാനത്തിന് ചുവട് വെയ്ക്കില്ല എന്നാണ് രശ്മിക പറയുന്നത്. ട്വിറ്ററില്‍ ഒരു ആരാധകനോടാണ് രശ്മിക ഇക്കാര്യം പറഞ്ഞത്.

ട്വിറ്ററില്‍ ആസ്‌ക് മി എനിതിംഗ് എന്ന സെക്ഷനില്‍ ആരാധകന്റെ ചോദ്യത്തോടായിരുന്നു രശ്മികയുടെ മറുപടി. നേരിട്ട് കാണുമ്പോള്‍ താരത്തിനൊപ്പം സാമി സാമി പാട്ടിന് ചുവടുവെയ്ക്കാന്‍ പറ്റുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.

”ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമി സ്റ്റെപ്പ് കളിച്ചു. ഇനിയും ആ ചുവട് വെച്ചാല്‍ ഭാവിയില്‍ നടുവേദന വരുമെന്നാണ് തോന്നുന്നത്. നേരിട്ട് കാണുമ്പോള്‍ മറ്റെന്തെങ്കിലും ചെയ്യാം” എന്നാണ് രശ്മിക മറുപടിയായി കുറിച്ചത്.

550 മില്യണ്‍ വ്യൂസ് ആണ് യൂട്യൂബില്‍ മാത്രം സാമി സാമി പാട്ടിനുള്ളത്. 2021 ഡിസംബറില്‍ പുഷ്പയുടെ റിലീസിന് ശേഷം നിരവധി വേദികളില്‍ രശ്മിക തന്നെ പാട്ടിന് ചുവടുകള്‍ വച്ചിരുന്നു. അതേസമയം, ‘പുഷ്പ 2’ ആണ് ഇപ്പോള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

2021 ഡിസംബര്‍ 17ന് ആയിരുന്നു ‘പുഷ്പ’ തിയേറ്ററുകളില്‍ എത്തിയത്. അല്ലു അര്‍ജുന്‍ നായകനായി എത്തിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് വില്ലനായി എത്തിയത്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിട്ടത്.

Read more

ചിത്രത്തില്‍ ഇവരെ കൂടാതെ ഇനി ഒരു ബോളിവുഡ് താരം കൂടി വില്ലനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സല്‍മാന്‍, ഷാരൂഖ്, ആമിര്‍ എന്നിവരില്‍ ഒരാളോ അല്ലെങ്കില്‍ അജയ് ദേവ്ഗണോ ആയിരിക്കും സിനിമയില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.