ഞങ്ങള്‍ക്കും കുടുംബജീവിതത്തില്‍ ശ്രദ്ധിക്കണം, വ്യായാമം ചെയ്യണം.. പിന്നീട് ഖേദിക്കരുത്: രശ്മിക മന്ദാന

തന്റെ തൊഴിലിനോടുള്ള രശ്മിക മന്ദാനയുടെ പ്രതിബന്ധതയെ കുറിച്ച് നടിയുടെ പുതിയ ചിത്രം ‘ദ ഗേള്‍ഫ്രണ്ടി’ന്റെ നിര്‍മ്മാതാവ് സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്ന് മണിക്കൂര്‍ മാത്രമാണ് രശ്മിക ഉറങ്ങിയതെന്നും പ്രതിഫലം പോലും ആദ്യം വേണ്ടെന്ന് വച്ചു എന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്.

സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ ജോലി ചെയ്യാന്‍ നടി ദീപിക പദുകോണ്‍ എട്ട് മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യപ്പെട്ടത് വിവാദമായ സാഹചര്യത്തിലാണ് ഈ പ്രസ്താവന വരുന്നത്. ഇതോടെ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രശ്മിക. താന്‍ അമിതമായി ജോലി ചെയ്യുന്നയാളാണ്, എന്നാല്‍ ആ നിര്‍ദേശം മറ്റാര്‍ക്കും നല്‍കില്ല എന്നാണ് രശ്മിക പറയുന്നത്.

ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാള്‍ കൂടുതല്‍ ജോലി താന്‍ ഏറ്റെടുക്കാറുണ്ടെന്നും ഒരു കാര്യം ചെയ്യാനാവില്ലെന്ന് ടീംമംഗങ്ങളോട് പറയുന്നയാളല്ല താന്‍ എന്നാണ് രശ്മിക പറയുന്നത്. ”തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഞാന്‍ അധികം ജോലി ചെയ്യാറുണ്ട്. ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഏറ്റെടുക്കുന്നു.”

”ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ല എന്ന് എന്റെ ടീമംഗങ്ങളോട് പറയുന്ന ആളല്ല ഞാന്‍. അവര്‍ പ്രയാസം അനുഭവിക്കുന്നു എന്ന് ഞാന്‍ മനസിലാക്കുമ്പോള്‍, ലൊക്കേഷന്‍ ഇപ്പോള്‍ മാത്രമേ കിട്ടുകയുള്ളൂ, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം ഷൂട്ട് ചെയ്യേണ്ടതുണ്ട് എന്നെല്ലാം അവര്‍ പറയുമ്പോള്‍ ഞാന്‍ അത് കേള്‍ക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും.”

”ഇത് തന്നെയാണ് ദിവസേന നടക്കാറുള്ളത്. ഞാന്‍ എന്റെ ടീമംഗങ്ങള്‍ക്ക് നല്‍കുന്ന സ്നേഹവും ബഹുമാനവുമാണത്. എങ്കിലും അഭിനേതാക്കളെ കൊണ്ട് കൂടുതല്‍ സമയം ജോലി ചെയ്യിക്കരുതെന്നേ ഞാന്‍ പറയൂ. അഭിനേതാക്കള്‍ മാത്രമല്ല സംവിധായകര്‍, ലൈറ്റ്മാന്‍മാര്‍, സംഗീതം അങ്ങനെ എല്ലാവര്‍ക്കും 9 മണി മുതല്‍ ആറ് മണി വരെ, അല്ലെങ്കില്‍ അഞ്ച് മണി വരെ ഞങ്ങള്‍ക്ക് ഒരു സമയം അനുവദിക്കുക.”

Read more

” കാരണം ഞങ്ങള്‍ക്ക് കുടുംബജീവിതത്തില്‍ കൂടി ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഉറങ്ങേണ്ടതുണ്ട്. വ്യായാമം ചെയ്യേണ്ടതുണ്ട്. ചെറുപ്രായത്തില്‍ ആരോഗ്യവും ഫിറ്റ്നസും ഉള്ളയാളായിരുന്നെങ്കില്‍ എന്ന് ഞാന്‍ പിന്നീട് ഖേദിക്കരുത്” എന്നാണ് രശ്മിക പറയുന്നത്. അതേസമയം, തമ എന്ന ചിത്രമാണ് രശ്മികയുടെതായി ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്.