തെറ്റായ വ്യക്തികളെ കുറിച്ച് സിനിമകൾ നിർമ്മിക്കപ്പെടണം; 'അനിമൽ' വിമർശനങ്ങളിൽ പ്രതികരണവുമായി രൺബിർ കപൂർ

രൺബിർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമൽ’ ഒടിടി റിലീസിന് ശേഷം വലിയ രീതിയിൽ വിമർശനങ്ങൾ നേരിടുന്നുണ്ട്. നേരത്തെയും ചിത്രത്തിലെ ടോക്സിസിറ്റിയും സ്ത്രീ വിരുദ്ധതയും വിമർശിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ വിമർശനങ്ങളെ പറ്റി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് രൺബിർ കപൂർ. ടോക്സിക് മസ്കുലിനിറ്റിയെ പറ്റി ആളുകൾ ചർച്ച ആരംഭിച്ചത് നല്ല കാര്യമാണ് എന്ന് പറഞ്ഞ രൺബിർ തെറ്റായ വ്യക്തികളെ കുറിച്ച് സിനിമകൾ നിർമ്മിക്കപ്പെടുമ്പോൾ മാത്രമേ സമൂഹം മെച്ചപ്പെടൂ എന്നും പറയുന്നു.

“ടോക്സിക് മസ്കുലിനിറ്റിയെ കുറിച്ച് ഇപ്പോൾ വളരെ ആരോഗ്യകരമായ സംസാരങ്ങൾ ആരംഭിച്ചിട്ടുണ്ട്. അത് വലിയ കാര്യമാണ്. കാരണം ഇപ്പോൾ സിനിമയിലെങ്കിലും അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുകയാണ്.

ഏതെങ്കിലും തെറ്റായ ഒരു കാര്യം, അത് തെറ്റാണെന്ന് നിങ്ങൾ കാണിക്കുന്നില്ലെങ്കിലും അതിനെ പറ്റിയുള്ള സംസാരം ആരംഭിക്കുന്നില്ലെങ്കിലും നമ്മൾ ഒരിക്കലും അത് തെറ്റാണെന്ന കാര്യം തിരിച്ചറിയില്ല.

പിന്നെ നമ്മൾ സിനിമയിൽ അവതരിപ്പിക്കുന്ന ഈ കഥാപാത്രങ്ങൾ, അവ കഥാപാത്രങ്ങൾ മാത്രമാണ്. ആ റോൾ അഭിനയിക്കേണ്ടത് കാരണം ആ കഥാപാത്രത്തോട് അഭിനേതാക്കളെന്ന നിലയിൽ നമുക്ക് സഹാനുഭൂതിയുണ്ടാകാം.

എന്നാൽ പ്രേക്ഷകൻ എന്ന നിലയിൽ, എന്താണ് തെറ്റ് എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ഒരു തെറ്റായ വ്യക്തിയെ കുറിച്ച് നിങ്ങൾക്ക് ഒരു സിനിമ നിർമിക്കാം. അങ്ങനെ നിർമിക്കണം. കാരണം നിങ്ങൾ അവരെ കുറിച്ച് സിനിമ ചെയ്‌തില്ലെങ്കിൽ സമൂഹം ഒരിക്കലും മെച്ചപ്പെടില്ല.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രൺബിർ പറഞ്ഞത്.