ഇവളെങ്ങാനും കൊണ്ട് പോയി സൂര്യ സാറിനെ ഉരുട്ടി ഇടുമോന്ന് എല്ലാവരും നോക്കിയിരുന്നു, വിറയ്ക്കാന്‍ തുടങ്ങിയിരുന്നു: രജിഷ വിജയന്‍

ജയ് ഭീമില്‍ സൂര്യക്കൊപ്പം ഒരു പ്രധാന വേഷത്തില്‍ തന്നെയാണ് നടി രജിഷ വിജയനും എത്തിയത്. ചിത്രത്തിന് വേണ്ടി ടൂവീലര്‍ ഓടിക്കാന്‍ പഠിച്ചതിനെ കുറിച്ചും സൂര്യയെ വണ്ടിക്ക് പിന്നിലിരുത്തി ഓടിച്ചതിനെ കുറിച്ചുമാണ് രജിഷ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്വിമ്മിംഗ് പഠിച്ചതും ടൂവീലര്‍ ഓടിക്കാന്‍ പഠിച്ചതുമെല്ലാം സിനിമയ്ക്ക് വേണ്ടിയാണ്. സൈക്കിള്‍ ബാലന്‍സ് ഉള്ളതു കൊണ്ട് ബൈക്കോടിക്കാന്‍ ഒരു പരിധി വരെ പ്രശ്നമില്ലായിരുന്നു. പെട്ടെന്ന് പഠിക്കാനായി. പക്ഷേ ടെന്‍ഷന്‍ സൂര്യ സാര്‍ ഉള്ളപ്പോഴാണ്. കൂടെയിരിക്കുമ്പോള്‍ സൂര്യ സാറിന് ഒരു പ്രശ്‌നവും ഇല്ലായിരുന്നു.

പക്ഷേ ചുറ്റിനും ഉള്ള ആളുകള്‍ക്കും ടെന്‍ഷനാണ്. ഇവളെങ്ങാനും കൊണ്ട് പോയി സൂര്യ സാറിനെ ഉരുട്ടി ഇടുമോന്ന് എല്ലാവരും നോക്കിയിരുന്നു. എല്ലാവരുടെയും ടെന്‍ഷന്‍ നമ്മുടെ ഉള്ളിലേക്ക് വരും. ആ സീനിന് മുമ്പ് താന്‍ പത്തു തവണ ഓടിച്ച് നോക്കും. സാറിരിക്കുമ്പോഴാണ് പേടി.

അപ്പോഴാണ് തനിക്ക് വിറയ്ക്കാന്‍ തുടങ്ങുന്നത്. അഭിനയിക്കാന്‍ പേടിച്ചിട്ടല്ല, സാറിന് വല്ലോം പറ്റുമോന്ന് ഓര്‍ത്തിട്ടാണ് പേടി. പക്ഷേ പുള്ളി അത്രയധികം സപ്പോര്‍ട്ടീവായ സഹതാരമാണ്. ഇത്രയ്ക്കും ഒരാള്‍ എങ്ങനെയാണ് പെര്‍ഫക്റ്റാവുന്നത് എന്ന് നമ്മള്‍ ആലോചിച്ച് പോവും.

എല്ലാ ഷോട്ടിലും അദ്ദേഹം പ്രസന്റാണ്. ക്യാരവാനിലോട്ട് തിരിച്ച് പോവാറില്ല, തന്റെ ഷോട്ടാണെങ്കിലും സാര്‍ വന്ന് നോക്കും. നല്ലതാണെങ്കില്‍ അദ്ദേഹം അത് പറയും. ഞാനൊക്കെ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. വാരണം ആയിരമാണ് താന്‍ ആദ്യം കാണുന്ന തമിഴ് സിനിമ.

അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ സംസാരിക്കാന്‍ പറ്റിയിരുന്നില്ല. അത്രയും ഇഷ്ടമുള്ള, ആരാധനയോടെ കാണുന്ന ആക്ടര്‍ നമ്മള്‍ക്ക് തരുന്ന സപ്പോര്‍ട്ട് അതൊരു വലിയ കാര്യമാണെന്നും രജിഷ പറയുന്നു.