അതിനുവേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും; ലിയോയെ കുറിച്ച് രജനികാന്ത്

തമിഴ് സിനിമയിൽ ഇപ്പോഴുള്ള ഏറ്റവും വലിയ ചർച്ചകളിലൊന്നാണ് രജനികാന്ത്- വിജയ് സൂപ്പർ താര ചർച്ച. ആരാണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്നത് തമിഴ് സിനിമയിൽ എപ്പോഴും വലിയ ചർച്ചകൾക്ക് വഴിതെളിയിക്കുന്ന ഒന്നാണ്. ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനികാന്തിന്റെ അഭിപ്രായമാണ് സമീപകാലത്തെ ചർച്ചകൾക്ക് സൂപ്പർ സ്റ്റാർ വിവാദങ്ങൾക്ക് വഴിതെളിച്ചത്.

ഇത്തരം വിവാദങ്ങൾ നിലനിൽക്കെ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന ലിയോ സിനിമയെ പറ്റി ശ്രദ്ധേയമായ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് രജനികാന്ത്. ലിയോ മികച്ച വിജയം നേടണമെന്നും, അതിന് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരിക്കുകയാണ് രജനികാന്ത്.

ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘തലൈവർ 170’ ന്റെ തൂത്തുകൂടിയിലെ ചിത്രീകരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജനികാന്ത്. ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലും മഞ്ജു വാര്യരും ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചനും ചിത്രത്തിൽ അണിനിരക്കുന്നു. ഈ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘തലൈവർ 171’ എന്ന ചിത്രമാണ് രജനിയുടെതായി ഷൂട്ടിംഗ് ആരംഭിക്കാനുള്ളത്.

ലിയോ റിലീസാവാൻ ദിവസങ്ങൾ ശേഷിക്കെ ചിത്രം ജയിലറിന്റെ കളക്ഷൻ മറിക്കടക്കുമോ എന്നാണ് വിജയ് ആരാധകർ ഉറ്റുനോക്കുന്ന പ്രധാന കാര്യം.