മലയാളം സിനിമ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെയും വേദനയോടെയും ഞാൻ സമ്മതിക്കുന്നു: രാജമൗലി

ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോള ബോക്സ്ഓഫീസ് കളക്ഷനായി 100 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.

ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം എസ്. എസ് രാജമൗലിയുടെ മകൻ എസ്. എസ് കാർത്തികേയ ആയിരുന്നു സ്വന്തമാക്കിയിരുന്നത്. മാർച്ച് 8 നായിരുന്നു ചിത്രത്തിന്റെ തെലുങ്ക് റിലീസ്.

തെലുങ്കിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാജമൗലി.

മലയാള സിനിമ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്നത് താൻ അസൂയയോടെയാണ് നോക്കികാണുന്നത് എന്നാണ് രാജമൗലി പറഞ്ഞത്.

“മലയാളം സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെയും വേദനയോടെയും ഞാൻ സമ്മതിക്കുന്നു. ഈ ചിത്രത്തിലും അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.” എന്നാണ് രാജമൗലി പറഞ്ഞത്.

ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും രാജമൗലി പ്രശംസിക്കുന്നുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് റോം- കോം ഴോണറിലൊരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നസ്‍ലെൻ, മമിത ബൈജു, ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.