ആര്‍.ആര്‍.ആര്‍ ബോളിവുഡ് ചിത്രമല്ല, തെന്നിന്ത്യയില്‍ നിന്നുള്ള തെലുങ്ക് സിനിമ: എസ്.എസ് രാജമൗലി

രാംചരണും ജൂനിയര്‍ എന്‍.ടി.ആറും മുഖ്യവേഷങ്ങളിലെത്തിയ ആര്‍.ആര്‍.ആര്‍ ബോളിവുഡ് ചിത്രമല്ലെന്ന് രാജമൗലി. ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുങ്ക് ചിത്രമാണെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. 80-ാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം മികച്ച ഒറിജിനല്‍ സോങിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് സംവിധായകന്റെ പ്രസ്താവന.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തില്‍ നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗില്‍ഡ് ഓഫ് അമേരിക്കയില്‍ തന്റെ സിനിമയുടെ പ്രദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ധ്രപ്രദേശിന്റെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി സിനിമയില്‍ പറയുന്നത്.

”സിനിമയുടെ അവസാനം, മൂന്ന് മണിക്കൂര്‍ കഴിഞ്ഞു പോയത് അറിഞ്ഞതേ ഇല്ല എന്നു നിങ്ങള്‍ പറഞ്ഞാല്‍, ഞാന്‍ ഒരു വിജയിച്ച ചലച്ചിത്ര സംവിധായകനാണെന്ന് നിസംശയം പറയാന്‍ സാധിക്കും”- രാജമൗലി പറഞ്ഞു.

ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് എം.എം കീരവാണിയാണ് സംഗീതം നല്‍കിയത്. ഗാനം ആലപിച്ചത് കാലഭൈരവവും രാഹുല്‍ സിപ്ലിഗുഞ്ജും ചേര്‍ന്നാണ്. സിനിമയ്ക്ക് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കുമെന്നാണ് ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ അഭിപ്രായം. ഓസ്‌കാര്‍ നേട്ടം കൈവരിച്ചാല്‍ ജൂനിയര്‍ എന്‍ടിആറും താനും വേദിയില്‍ നൃത്തം ചെയ്യുമെന്ന് രാംചരണ്‍ വ്യക്തമാക്കിയിരുന്നു.

ആര്‍.ആര്‍.ആറിന് ഓസ്‌കാര്‍ ലഭിക്കുമെന്ന് ഹോളിവുഡ് നിര്‍മ്മാതാവായ ജേസണ്‍ ബ്ലൂം പറഞ്ഞിരുന്നു. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ശ്രിയ ശരണ്‍, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി, ഒലിവിയ മോറിസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.