ആദ്യമായി ദേവദൂതന്റെ കഥ കേട്ടപ്പോൾ, ഈ സിനിമ താൻ ചെയ്തോട്ടെ എന്നാണ് മോഹൻലാൽ ചോദിച്ചത്: രഘുനാഥ് പാലേരി

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്..

അത്തരത്തിൽ സിബി മലയിൽ- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പാലേരിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.

ചിത്രം ജൂലൈ 26-ന് റീറിലീസായി എത്തുകയാണ്. 4K റീമാസ്റ്റേർഡ് വേർഷനായാണ് ചിത്രമെത്തുന്നത്. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതൻ.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് രഘുനാഥ് പാലേരി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മോഹൻലാൽ നായകനായതുകൊണ്ടാണ് ഇത്രയും കാലം കഴിഞ്ഞും ദേവദൂതൻ റീ റിലീസ് ചെയ്യാൻ കഴിയുന്നത് എന്നാണ് രഘുനാഥ് പാലേരി പറയുന്നത്.

“1982-ൽ സിബി മലയിലിന് ആദ്യമായി സംവിധാനംചെയ്യാൻവേണ്ടി തയ്യാറാക്കിയ കഥയാണ് ദേവദൂതൻ. എന്നാൽ, അന്ന് ഞങ്ങൾക്ക് ഈ സിനിമ ചെയ്യാൻ സാധിച്ചില്ല. അതിന്റെ കഥ മനസ്സിൽക്കിടന്ന് വളർന്നു. 2000-ത്തിൽ സിബി വീണ്ടും ഈ സിനിമയെക്കുറിച്ച് ആലോചിക്കാൻ പറഞ്ഞപ്പോഴാണ് എഴുതിത്തുടങ്ങുന്നത്.നിർമാതാവിന്റെ റോളിൽ സിയാദും എത്തി. ആദ്യഘട്ടചർച്ചകളിൽ നായകനായി മോഹൻലാൽ ആയിരുന്നില്ല. എന്നാൽ, സിയാദിൽനിന്ന് ആകസ്മികമായി മോഹൻലാൽ ദേവദൂതന്റെ കഥ കേട്ടു. ആദ്യകേൾവിയിൽത്തന്നെ ഈ സിനിമ ഞാൻ ചെയ്തോട്ടെ എന്ന് ലാൽ ചോദിച്ചു.

അങ്ങനെയാണ് അദ്ദേഹം ദേവദൂതനിലെ വിശാൽ കൃഷ്ണമൂർത്തി ആകുന്നത്. പകരംവെക്കാനില്ലാത്ത പ്രകടനമാണ് ലാൽ ചിത്രത്തിൽ കാഴ്ചവെച്ചത്. ഓരോസീനും പരിശോധിച്ചാൽ ആ മാസ്മരികത കാണാനാകും. ഇത്ര കാലങ്ങൾകഴിഞ്ഞും ദേവദൂതൻ വീണ്ടും റിലീസ് ചെയ്യാനാവുന്നതും മോഹൻലാൽ നായകനായതുകൊണ്ടാണ്.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ രഘുനാഥ് പാലേരി പറഞ്ഞത്.

Read more

കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്. ജൂലൈ 26-നാണ് ചിത്രം റീ റിലീസായി തിയേറ്ററുകളിൽ എത്തുന്നത്.