ഓപ്പറേഷന്‍ വേണ്ടെന്ന് പറഞ്ഞത് ജിഷ്ണു കേട്ടില്ല, ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.. ഞങ്ങള്‍ അവനെ ഇപ്പോള്‍ ഓര്‍ക്കാറില്ല: രാഘവന്‍

2016ല്‍ കാന്‍സറിനോട് പൊരുതിയാണ് മലയാളികളുടെ പ്രിയ താരം ജിഷ്ണു വിടവാങ്ങിയത്. ‘നമ്മള്‍’ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരം നായകനായും വില്ലനായും സ്വഭാവനടനായുമെല്ലാം ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു. ജിഷ്ണുവിന് രോഗം ഗുരുതരമായിരുന്നെങ്കിലും കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായാണ് നടന്റെ പിതാവും അഭിനേതാവുമായ രാഘവന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ബംഗളൂരുവില്‍ നിന്ന് ഓപ്പറേഷന്‍ ചെയ്തതാണ് വിനയായത്. മകനെ ഓര്‍ക്കുന്നതിന് ഒരു ഫോട്ടോ പോലും വീട്ടില്‍ കരുതിയിട്ടില്ലെന്നും കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഘവന്‍ പറഞ്ഞു. ”അത് അങ്ങനെയാണ് വരേണ്ടത്. ഞാന്‍ ഒരു കാര്യത്തെ കുറിച്ച് ഓര്‍ത്തും വിഷമിക്കില്ല. കാരണം, നടക്കേണ്ടത് നടക്കും. അത് അത്രയേ ഉള്ളൂ. ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞത് ഒരു ഷോക്കായിരുന്നു.”

”കാലമെല്ലാം മാറ്റുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. അവന്‍ തന്നെയാണ് കാരണം. അവന്‍ അതിന് നിന്നില്ല. ആരുടെയൊക്കെയോ വാക്ക് കേട്ട് അവന്‍ ബെംഗളൂരുവില്‍ നിന്ന് ഓപ്പറേഷന്‍ ചെയ്തു. ഓപ്പറേഷന്‍ ചെയ്തതാണ് പറ്റിയത്. ഓപ്പറേറ്റ് ചെയ്ത് ഈ തൊണ്ട മുഴുവന്‍ മുഴുവന്‍ മുറിച്ചു കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിലൂടെ കൊടുക്കേണ്ട കാര്യം എന്തായിരുന്നു.”

”അങ്ങനെ ആണെങ്കില്‍ മരിച്ചാല്‍ പോരെ. എന്തിനാണ് ഇങ്ങനെയാരു ജീവിതം. ഓപ്പറേഷന് പോകരുതെന്ന് പറഞ്ഞ് ഞാനും അവന്റെ അമ്മയും നിര്‍ബന്ധിച്ചതാണ്. പക്ഷേ, അവനും ഭാര്യയും പോയി ഓപ്പറേഷന്‍ ചെയ്തു. അത് അവരുടെ ഇഷ്ടം. പക്ഷേ, അതോടെ കാര്യം കഴിഞ്ഞു. ഞങ്ങള്‍ അനുഭവിച്ചു. കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഇവിടെ നിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.”

Read more

”ലേക്ഷോറിലെ ഡോക്ടര്‍മാരും ഇക്കാര്യം തന്നെ പറഞ്ഞു. പക്ഷേ, അത് കേട്ടില്ല. എല്ലാം കളഞ്ഞു കഴിഞ്ഞാല്‍ പിന്നെ അത് നമുക്ക് ഉണ്ടാക്കാന്‍ പറ്റില്ല. അവനെ ഓര്‍ക്കത്തക്ക രീതിയില്‍ ഞങ്ങള്‍ വീട്ടില്‍ ഒന്നും വച്ചിട്ടില്ല. ഒരു ഫോട്ടോ പോലും വച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും. ഞങ്ങള്‍ അവനെ ഓര്‍ക്കാറേ ഇല്ല. പക്ഷേ, നിങ്ങള്‍ ഇപ്പോള്‍ ഓര്‍മിപ്പിച്ചപ്പോഴും എനിക്ക് ദുഃഖമൊന്നുമില്ല” എന്നാണ് രാഘവന്റെ വാക്കുകള്‍.