'ഇത് അഫ്ഗാനിസ്ഥാനല്ല'; നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച് കങ്കണ

പ്രവാചനെതിരായ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇത് അഫ്ഗാനിസ്ഥാനല്ലെന്നും നുപൂറിന് അവരുടെ വ്യക്തിപരമായ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും കങ്കണ പറഞ്ഞു.

‘നൂപുറിന് അവളുടെ അഭിപ്രായങ്ങള്‍ക്ക് പറയാന്‍ അവകാശമുണ്ട്. എല്ലാത്തരം ഭീഷണികളും അവളെ ലക്ഷ്യമിടുന്നതായി കാണുന്നു, ഹിന്ദു ദൈവങ്ങളെ അപമാനിക്കുമ്പോള്‍, എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ കോടതിയില്‍ പോകേണ്ടിവരും, ദയവായി അത് ചെയ്യുക.’

‘ഇത് അഫ്ഗാനിസ്ഥാനല്ല, ജനാധിപത്യത്തിലൂടെ നമ്മള്‍ തെരഞ്ഞടുത്ത കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ട്. മറക്കുന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം’ കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, പ്രവാചകന് എതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ് അയച്ചു. ജൂണ്‍ 22ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം വധഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് നൂപുര്‍ ശര്‍മക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

ഭീഷണി സന്ദേശം ലഭിച്ചെന്ന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കുടുംബത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്നും മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്നും നൂപുര്‍ ശര്‍മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇക്കാര്യം അറിയിച്ച് കൊണ്ട് ബിജെപി പുറത്തുവിട്ട കത്തില്‍ നൂപുറിന്റെ വിലാസം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

 ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായി മാറിയത്. തുടര്‍ന്ന് നൂപുര്‍ ശര്‍മ ക്ഷമാപണം നടത്തിയിരുന്നു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അവര്‍ അറിയിച്ചു.
സംഭവത്തില്‍ അതൃപ്തിയറിച്ച് വിദേശ രാജ്യങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബെഹ്റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ, എന്നീ രാജ്യങ്ങളാണ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. പ്രതിഷേധം അറിയിച്ച രാജ്യങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഈ രാജ്യങ്ങളുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും.