മോഹന്‍ലാലിനും അതിനോട് വിയോജിപ്പ് ആയിരുന്നു, രണ്ടാം ഭാഗത്തിനായി കഥ അവസാനിപ്പിക്കുകയായിരുന്നു: ഷിബു ബേബി ജോണ്‍

ആരാധകര്‍ക്ക് വന്‍ നിരാശ ഉണ്ടാക്കിയ ചിത്രമാണ് ‘മലൈകോട്ട വാലിബന്‍’. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍. വാലിബന്‍ ഒരു ഭാഗമായി പുറത്തിറക്കാനിരുന്ന ചിത്രമായിരുന്നു വാലിബന്‍, അത് രണ്ട് ഭാഗമായി എത്തിക്കുന്നതില്‍ മോഹന്‍ലാലിനും വിയോജിപ്പ് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മ്മാതാവ് ഇപ്പോള്‍.

ഒറ്റ ഭാഗമായി ഇറക്കാന്‍ ഉദ്ദേശിച്ച ചിത്രത്തിന്റെ കഥയാണ് സംവിധായകന്‍ പറഞ്ഞത്. മോഹന്‍ലാല്‍ പത്ത് മിനിറ്റ് കൊണ്ട് അംഗീകരിച്ച കഥയാണത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഷൂട്ടിങ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടോ കഥയില്‍ കുറച്ച് മാറ്റങ്ങള്‍ അറിയാതെ കടന്നുവന്നു. പല തടസങ്ങളും പ്രതിസന്ധികളും കാരണമായിരിക്കാം.

ഞാന്‍ ആരേയും കുറ്റം പറയുന്നില്ല. അങ്ങനെ ഒരു ഘട്ടം വന്നപ്പോള്‍ ഇത് രണ്ട് ഭാഗമായി ഇറക്കാം എന്ന അഭിപ്രായം വന്നു. പറഞ്ഞ സിനിമ മാത്രം എടുത്താല്‍ മതി എന്ന നിലയില്‍ ഞാനും മോഹന്‍ലാലും അടക്കം അതിനോട് വിയോജിച്ചു. ശക്തമായ രണ്ട് ഭാഗമായി ഇറക്കാമെന്ന് പറയുകയും അങ്ങനെ പറ്റില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചതുമാണ്.

പക്ഷേ, അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ ആദ്യം പറഞ്ഞ കഥയല്ല, ഇപ്പോള്‍ വന്നത്. രണ്ടാം ഭാഗത്തിന് വേണ്ടി കഥ കൊണ്ടുവന്ന് അവസാനിപ്പിക്കുകയായിരുന്നു. നല്ലൊരു സിനിമയാണ്, മോശമല്ല. എന്നാല്‍, പ്രതീക്ഷ വളരേ അധികമായിരുന്നു. അതിന്റെ ദോഷമുണ്ടായി.

Read more

ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന പടം എന്ന നിലയില്‍ വാനോളം പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷ മറ്റൊരു ലെവലിലേക്ക് പോയതാണ്. രണ്ടാം ഭാഗത്തിലേക്ക് പോവാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു. രണ്ടാംഭാഗത്തിന് പരിപാടിയില്ല എന്നാണ് ഷിബു ബേബി ജോണ്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.