കുട്ടികള്‍ ഒരിക്കലും കാണരുത്, വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല 'മാര്‍ക്കോ' ചെയ്തത്..; പ്രതികരിച്ച് നിര്‍മ്മാതാവ്

‘മാര്‍ക്കോ’ സിനിമ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയതിന് പിന്നാലെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ്. മാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ല, വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല മാര്‍ക്കോ ചെയ്തത് എന്നാണ് ഷരീഫ് മുഹമ്മദ് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഷരീഫ് പ്രതികരിച്ചത്.

മാര്‍ക്കോ വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ല. പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്. മാര്‍ക്കോയിലെ അതിക്രൂര വയലന്‍സ് ദൃശ്യങ്ങള്‍ കഥയുടെ പൂര്‍ണ്ണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാന്‍ ശ്രമിക്കണം.

മാര്‍ക്കോയിലെ ഗര്‍ഭിണിയുടെ സീന്‍ സിനിമയ്ക്ക് ആവശ്യമുള്ളതായിരുന്നു. ‘ഏറ്റവും വയലന്‍സ് ഉള്ള സിനിമ’ എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാര്‍ക്കോ 18+ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാന്‍ കുട്ടികള്‍ ഒരിക്കലും തിയേറ്ററില്‍ കയറരുത് എന്നാണ് ഷരീഫ് മുഹമ്മദ് പറയുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് മാര്‍ക്കോയ്ക്ക് ടെലിവിഷനില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്. യു അല്ലെങ്കില്‍ യു/എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത അത്ര വയലന്‍സ് സിനിമയില്‍ ഉണ്ടെന്ന് ആയിരുന്നു വിലയിരുത്തല്‍. കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം.

ഒ.ടി.ടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ‘എ’ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലീം സര്‍ട്ടിഫിക്കേഷന്റെ കേരള റീജിയന്‍ മേധാവി നദീം തുഫേല്‍ വിശദീകരിച്ചു. മാര്‍ക്കോയ്ക്ക് തിയേറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം.

Read more