മരക്കാറിന്റെ എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു, ബാഹുബലിയുമായി താരതമ്യം ചെയ്യരുത്: പ്രിയദര്‍ശന്‍

മരക്കാര്‍ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രം മത്സരിച്ചത് ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിനോട് ആയിരുന്നു എന്നാണ് പ്രിയദര്‍ശന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച് ഞാന്‍ സമ്മര്‍ദത്തിലായിരുന്നു. ബാഹുബലി പോലെയല്ല ഇത്. അവര്‍ക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ചെറിയൊരു ബജറ്റായിരുന്നു ഉണ്ടായിരുന്നത്, ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു” എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

ഡിസംബര്‍ 2ന് ആണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. ഡിസംബര്‍ 17ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. നീണ്ട 25 വര്‍ഷത്തെ തന്റെ കാത്തിരിപ്പാണ് മരക്കാര്‍ എന്നും സംവിധായകന്‍ പറയുന്നു. കാലാപാനി ചിത്രമൊരുക്കുന്ന സമയത്താണ് ഇത്തരമൊരു സിനിമയുടെ സാധ്യതയെ കുറിച്ച് തിരക്കഥാകൃത്ത് ദാമോദരന്‍ പറഞ്ഞത്.

Read more

കാലാപാനിയുടെ ചിത്രീകരണ സമയത്ത് കാറ്റും കടല്‍ യുദ്ധങ്ങളും ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. 25 വര്‍ഷത്തിന് ശേഷം എല്ലാം മാറി സിനിമ ചെയ്യാന്‍ ശരിയായ സമയമാണെന്ന് തോന്നി. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍ യുദ്ധം കാണിക്കുന്നതില്‍ വിജയിച്ചുവെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.