വീഡിയോ കാസറ്റ് വന്നപ്പോള്‍ ഇനി സിനിമ വീട്ടിലിരുന്നു കാണുമെന്നു ലോകം മുഴുവന്‍ പറഞ്ഞതാണ്: ഒ.ടി.ടി പ്ലാറ്റ്‌ഫോം വിഷയത്തില്‍ പ്രിയദര്‍ശന്‍

കോവിഡ് ലോക്ഡൗണിനിടെ മലയാള സിനിമകളടക്കം ഒടിടി റിലീസിനൊരുങ്ങുകയാണ്. വിജയ് ബാബു നിര്‍മ്മിക്കുന്ന ജയസൂര്യ ചിത്രം “സൂഫിയും സുജാതയും” ഒടിടി റിലീസിനൊരുങ്ങിയതോടെ എതിര്‍പ്പ് പ്രകടിപ്പിച്ച് തിയേറ്റര്‍ ഉടമകളും രംഗത്തെത്തിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം സിനിമാ വ്യവസായത്തിന്റെ വഴിത്തിരിവൊന്നുമല്ല എന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ മനോരമയോട് പ്രതികരിച്ചത്.

പ്രിയദര്‍ശന്റെ വാക്കുകള്‍:

ഇന്ത്യ പോലുള്ളൊരു രാജ്യത്തു സിനിമയ്ക്കു പോകുന്നത് എത്രയോ കോടി ജനങ്ങളുടെ ഏക വിനോദമാണ്. അപ്പോള്‍ തിയേറ്ററുകളുടെ നിലനില്‍പ് അപകടത്തിലാണെന്ന വാദത്തോട് എനിക്കു യോജിപ്പില്ല. ജനങ്ങള്‍ക്കു തിയേറ്ററിലേക്കുള്ള യാത്ര കേവലം സിനിമ കാണല്‍ മാത്രമല്ല. അതോടൊപ്പമുള്ള യാത്രയും ഭക്ഷണവുമെല്ലാം ചേര്‍ന്നതാണത്. ഒരു നാടകം വീട്ടില്‍ അഭിനയിച്ചു ഷൂട്ടു ചെയ്തു വാട്‌സാപ്പിലിട്ടാല്‍ നാടകമാകുമോ? നമ്മുടെ രാജ്യത്തെക്കാള്‍ എത്രയോ ഉയര്‍ന്ന സാങ്കേതിക വിദ്യയും വേഗമേറിയ ഇന്റര്‍നെറ്റുമുള്ള രാജ്യങ്ങളില്‍പോലും തിയേറ്ററിലെ സിനിമ ഇല്ലാതായിട്ടില്ല. വളരുകയാണു ചെയ്യുന്നത്. ഇന്റര്‍നെറ്റ് വഴി സിനിമ കാണുന്നതിനു വലിയ പരിമിതികളുണ്ട്.

എല്ലാ സിനിമയും ഒടിടി വഴി റിലീസ് ചെയ്യാനാകില്ല. അവര്‍ നല്‍കുന്ന ഫണ്ടിനു പരിമിതിയുണ്ട്. ആദ്യമായി നെറ്റില്‍ റിലീസ് ചെയ്ത തമിഴ് സിനിമ ഞാന്‍ സംവിധാനം ചെയ്ത “ചില നേരങ്ങളില്‍” ആണ്. അത്തരം ചെറിയ സിനിമകള്‍ക്കു തിയേറ്റര്‍ കിട്ടില്ല. അതേസമയം, ലോകത്ത് എവിടെയായാലും “സൂപ്പര്‍മാന്‍” പോലുള്ള സിനിമ തിയേറ്ററിലേ റിലീസ് ചെയ്യാനാകൂ. അതുകൊണ്ടാണല്ലോ ജയിംസ് ബോണ്ട് സിനിമ റിലീസ് മാറ്റിവെച്ചത്. അവര്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോം കിട്ടാത്തതു കൊണ്ടല്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ചിലര്‍ എന്തെങ്കിലും ചെയ്‌തേക്കും. അതു സിനിമാ വ്യവസായത്തിന്റെ വഴിത്തിരിവൊന്നുമല്ല. വിഡിയോ കാസറ്റ് വന്നപ്പോള്‍ ഇനി സിനിമ വീട്ടിലിരുന്നു കാണുമെന്നു ലോകം മുഴുവന്‍ പറഞ്ഞതാണ്. അതുണ്ടായില്ലല്ലോ.