ഞാനും സമയമെടുത്തു ആ പാഠം പഠിക്കാന്‍, ഇനി റീമേക്കുകള്‍ ഇല്ല; കാരണം തുറന്നുപറഞ്ഞ് പ്രിയദര്‍ശന്‍

ഇനി റീമേക്ക് സിനിമകള്‍ ചെയ്യാനില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഇല്ല റീമേക്ക് ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു. പലരും എന്നോട് ആ സിനിമ ചെയ്യൂ എന്നൊക്കെ പറയാറുണ്ട്. പക്ഷെ അങ്ങനെ ചെയ്യാന്‍ പറ്റില്ല. ഒന്നാമത് അതൊരു യൂണിവേഴ്സല്‍ സബ്‌ജെക്ട് ആയിരിക്കണം. രണ്ടാമത് ഇതെങ്ങനെ അഡാപ്റ്റ് ചെയ്യുന്നു എന്നതിലാണ്. മണിച്ചിത്രത്താഴ് കണ്ടിട്ട് എത്രയോ വര്‍ഷം അത് എങ്ങനെ അഡാപ്റ്റ് ചെയ്യാമെന്ന് ആര്‍ക്കും തോന്നിയില്ല. കിരീടം സിനിമയുടെ ഒറിജിനല്‍ കാണിച്ചപ്പോള്‍ എല്ലാ നടന്മാരും വേണ്ടെന്ന് പറഞ്ഞു,’ പ്രിയദര്‍ശന്‍ പറയുന്നു.

‘അവസാനം ജാക്കി ഷ്രോഫിനെ കൊണ്ട് ചെയ്യിച്ചു. ആള്‍ക്ക് പണം കിട്ടിയാല്‍ എന്ത് റോളെന്ന് പോലും ചോദിക്കില്ല. സിനിമ ഇറങ്ങിയ കഴിഞ്ഞപ്പോഴാണ് അനില്‍ കപൂര്‍ അടക്കമുള്ളവര്‍ വന്ന് നിങ്ങള്‍ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് എന്ന് ചോദിക്കുന്നത്.

അത് എങ്ങനെ അഡാപ്റ്റ് ചെയ്യുന്നു എന്നതിലാണ്. അല്ലാതെ ഒരു മലയാള സിനിമ അതുപോലെ കൊണ്ടുപോയി ഹിന്ദിയില്‍ എടുത്താല്‍ കാര്യമില്ല. അത് വിജയിക്കില്ല. അവിടത്തെ കള്‍ച്ചറും കാര്യങ്ങളുമൊക്കെ അഡാപ്റ്റ് ചെയ്യണം.

‘ശങ്കറും മണിരത്നവുമൊക്കെ അവിടെ പരാജയപ്പെട്ടതിന്റെ കാരണവും അത് തന്നെയാണ്. നായക് എന്ന ശങ്കറിന്റെ സിനിമ കണ്ടിട്ട് തമിഴ് സിനിമ ആണെന്ന് വരെ തെറ്റിദ്ധരിച്ചു. ഞാനും സമയമെടുത്തു അത് പഠിക്കാന്‍, എനിക്കും ആ അബദ്ധം പറ്റിയിട്ടുണ്ട്. ആദ്യത്തെ രണ്ടു മൂന്ന് സിനിമകളില്‍ ആ മിസ്റ്റേക്ക് ചെയ്തു. പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.