അക്ഷയ് കുമാറിന് മോഹന്‍ലാലാകാന്‍ പറ്റില്ല, ഇന്ത്യന്‍ സിനിമയില്‍ റീമേക്കുകള്‍ പരാജയപ്പെടുന്നു, കാരണം തുറന്നുപറഞ്ഞ് പ്രിയദര്‍ശന്‍

ഇന്ത്യയിലെടുക്കുന്ന റീമേക്ക് സിനിമകള്‍ എല്ലാം തന്നെ പരാജയമാകുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒറിജിനല്‍ സിനിമ എന്നും ഒറിജിനലായിത്തന്നെ നിലനില്‍ക്കുമെന്നും മാതൃഭൂമിയുടെ അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അക്ഷയ് കുമാറിന് മോഹന്‍ലാല്‍ ആകാന്‍ പറ്റില്ല. കാരണം അക്ഷയ് കുമാറിന് അദ്ദേഹത്തിന്റെതായ ചില പരിധികളുണ്ട്. ശരിക്കും നമ്മള്‍ എന്താണ് ചെയ്യുന്നത് എന്നുവെച്ചാല്‍ മണിച്ചിത്രത്താഴ് സിനിമ കാണാത്ത ഒരു വലിയ വിഭാഗത്തിന്റെ മുന്നിലേക്കാണ് ഈ സിനിമ കൊണ്ട് വെക്കുന്നത്. അതുപോലെ സന്മനസ്സുളളവര്‍ക്കുളള സമാധാനം എന്ന സിനിമ അവിടെ ചെയ്തു, ഓടിയില്ല. കാരണമെന്താണ് നമ്മുടെ സംസ്‌കാരത്തിനും അവരുടെ സംസ്‌കാരത്തിനും വ്യത്യാസമുണ്ട്.

സിനിമ ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് അവതരിപ്പിക്കുമ്പോള്‍ അത് അവര്‍ക്ക് എളുപ്പം മനസ്സിലാക്കിയെടുക്കാന്‍ പറ്റുന്ന തരത്തിലുള്ള , അവരുടെ സിനിമയാണ് എന്ന് തോന്നണം.
വേഷവിധാനത്തിന്റെ കാര്യത്തിലും ആചാരങ്ങളിലും കഥാപാത്രങ്ങളും സ്വഭാവത്തിലുമെല്ലാം അത് പ്രതിഫലിക്കണം. ഹിന്ദിയില്‍ മഞ്ജുളിക എന്നുപറയുന്നത് നമ്മുടെ നാഗവല്ലിയാണ്. മഞ്ജുളിക സംസാരിക്കുന്നത് ബംഗാളിയാണ്. തമിഴില്‍ നിന്നുളള കുട്ടിയാണ് എന്ന് പറഞ്ഞാല്‍ അവിടെയുള്ള പ്രേക്ഷകര്‍ അത് സ്വീകരിക്കാനിടയില്ല പ്രിയദര്‍ശന്‍ പറഞ്ഞു.

പിന്നെ എന്താണ് നമ്മള്‍ അതിനായി ചെയ്യേണ്ടത്, അത് ഇത്ര മാത്രമാണ് അവര്‍ക്ക് ഇത് ഉത്തരേന്ത്യയില്‍ തന്നെ സംഭവിച്ച കഥയായിട്ട് തോന്നണം. മലയാളത്തില്‍ ഇറങ്ങിയ ഒരു സിനിമ വേറെ ഏതൊരുഭാഷയില്‍ ഇറങ്ങിയാലും മലയാളി പ്രേക്ഷകന് ഇഷ്ടപ്പെടില്ല. അതിന് നല്ല ഉദാഹരണമാണ് ദൃശ്യം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.